തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിൽ പൊലീസിനെ വിമർശിച്ച് വി.എസ്.അച്യുതാനന്ദൻ. പൊലീസിനെ കയറൂരി വിടരുത്. ഇപ്പോഴത്തെ രീതിയിൽ പൊലീസ് മുന്നോട്ടും പ്രവർത്തിച്ചാൽ സർക്കാർ കുഴപ്പത്തിലാകും. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയാൻ നടപടി വേണം. ഭൂമിയും പാർപ്പിടവും സംബന്ധിച്ച പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണണമെന്നും വിഎസ് ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം വിലയിരുത്താൻ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലായിരുന്നു വിഎസിന്റെ വിമർശനം. ഇന്നലെയും യോഗത്തിൽ പൊലീസിനും ആഭ്യന്തരവകുപ്പിനുമെതിരെ വിമർശനം ഉണ്ടായി. രാഷ്ട്രീയധാരണയും അനുഭവപരിചയവും ഉള്ളവരെ നിയോഗിച്ചുകൊണ്ടു മന്ത്രിമാരുടെ ഓഫിസിൽ അഴിച്ചുപണി വേണമെന്നും ഇന്നലെ യോഗത്തിൽ നിർദേശമുയർന്നു.

സർക്കാരിന്റെ പ്രവർത്തന ദൗർബല്യങ്ങളടക്കം പ്രതിപാദിക്കുന്ന റിപ്പോർട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ചു. ഇതിന്മേലായിരുന്നു ഇന്നലെ ചർച്ച നടന്നത്. ചർച്ചയിൽ ആഭ്യന്തരവകുപ്പിനെതിരേയുള്ള വിമർശനങ്ങളാണു കൂടുതലും ഉണ്ടായിരുന്നത്. ഭരണനടപടികൾ പാർട്ടിക്കും സർക്കാരിനും ജനങ്ങൾക്കും ഗുണകരമായി ഉപയോഗിക്കുന്നതിൽ പോരായ്മകളുണ്ടെന്നും റിപ്പോർട്ടിൽ ഉണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ