scorecardresearch
Latest News

കീഴ്കോടതി വിധി യുക്തിസഹമല്ല; മാനനഷ്ടക്കേസ് വിധിക്കെതിരെ അപ്പീൽ പോകുമെന്ന് വിഎസ്

ഉമ്മൻ ചാണ്ടിക്ക് എതിരെ നടത്തിയ പരാമർശങ്ങൾ അപകീർത്തിപരമായി തോന്നി എന്നത്, അദ്ദേഹത്തിന്റെ വ്യക്തിപരമായ തോന്നൽ മാത്രമാണെന്നും വിഎസ് പറഞ്ഞു

Ooommen Chandy, VS Achuthanandan, IE Malayalam

തിരുവനന്തപുരം: മാനനഷ്ടക്കേസിൽ ഉമ്മൻചാണ്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന കീഴ്കോടതി വിധിക്കെതിരേ അപ്പീൽ നൽകുമെന്ന് വിഎസ് അച്യുതാനന്ദന്റെ ഓഫീസ്. വിധി യുക്തിസഹമല്ലെന്നും ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിക്കാതെയാണ് കോടതി ഉത്തരവെന്നും വിഎസിന്റെ ഓഫീസ് പറഞ്ഞു. ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിലൂടെ ആയിരുന്നു പ്രതികരണം.

ഉമ്മൻ ചാണ്ടിക്ക് എതിരെ നടത്തിയ പരാമർശങ്ങൾ അപകീർത്തിപരമായി തോന്നി എന്നത്, അദ്ദേഹത്തിന്റെ വ്യക്തിപരമായ തോന്നൽ മാത്രമാണ്. സോളാർ കമ്മീഷൻ കണ്ടെത്തിയ വസ്തുതകൾ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ പൊതുശ്രദ്ധയിൽ കൊണ്ട്‌ വരുന്നത് പൊതു പ്രവർത്തകൻ എന്ന കർത്തവ്യബോധം മുൻനിർത്തി ഉള്ളതാണെന്ന് അപ്പീൽകോടതി കണ്ടെത്തും എന്ന പ്രതീക്ഷയും പോസ്റ്റിൽ പങ്കുവെച്ചു.

ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിന്റെ പൂർണരൂപം

സോളർ അഴിമതിയിൽ ഉമ്മൻ ചാണ്ടിയുടെ പങ്കിനെപ്പറ്റി അഭിമുഖത്തിൽപറഞ്ഞ കാര്യങ്ങൾ ഉമ്മൻ ചാണ്ടിക്ക് അപകീർത്തികരമാണെന്നു പറഞ്ഞാണു നഷ്ടപരിഹാരത്തിനു കേസ് ഫയൽ ചെയ്തത്‌. എന്നാൽ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്.അച്യുതാന്ദൻ പറഞ്ഞ കാര്യങ്ങൾ അടങ്ങിയ മുഖാമുഖം രേഖകൾ ഒന്നും തന്നെ ഉമ്മൻചാണ്ടി കോടതിയിൽ ഹാജരാക്കുകയോ തെളിയിക്കുകയോ ചെയ്തിട്ടില്ല. ഉമ്മൻചാണ്ടിയുടെ പങ്കുതെളിയിക്കുന്ന, അദ്ദേഹം തന്നെ നിയമിച്ചിരുന്ന ജസ്റ്റിസ് ശിവരാജൻ കമ്മിഷന്റെ റിപ്പോർട്ടും തുടർന്ന്‌ സർക്കാർ റിപ്പോർട്ട് അംഗീകരിച്ചുകൊണ്ട് ഉമ്മൻ ചാണ്ടിയ്ക്കെതിരെ എടുത്ത നടപടി റിപ്പോർട്ടും സർക്കാർ ഉദ്യോഗസ്ഥന്മാർ സാക്ഷിയായി വന്നു തെളിയിച്ചിട്ടുണ്ട്. ഈ വസ്തുതകൾ ഒന്നും പരിഗണിക്കാതെയുള്ള 22/01/2022 ലെ ബഹുമാനപ്പെട്ട സബ്കോടതി വിധിക്കു എതിരെ അപ്പീൽ നടപടി സ്വീകരിക്കും.

കോടതി വ്യവഹാരങ്ങളിൽ നീതി എപ്പോഴും കീഴ്കോടതിയിൽ നിന്നും കിട്ടികൊള്ളണമെന്നില്ലെന്നതു മുൻകാല നിയമപോരാട്ടങ്ങളിൽ പലതിലും കണ്ടതാണ്. സോളർ കേസിൽ ഉമ്മൻ ചാണ്ടിക്ക് എതിരെ നടത്തിയ പരാമർശങ്ങൾ ഉമ്മൻ ചാണ്ടിക്ക് അപകീർത്തിപരമായി തോന്നി എന്നത്, അദ്ദേഹത്തിന്റെ വ്യക്തിപരമായ തോന്നൽ ആണ്. പരാമർശങ്ങൾക്ക് അടിസ്ഥാനമായ സോളർ കമ്മിഷൻ റിപ്പോർട്ട് ചോദ്യം ചെയ്ത് ഉമ്മൻ ചാണ്ടിതന്നെ ഹൈക്കോടതിയിൽ പോയിരുന്നു. എങ്കിലും അതു തള്ളി പോവുകയായിരുന്നു.

സോളർ കമ്മിഷൻ കണ്ടെത്തിയ വസ്തുതകൾ പ്രതിപക്ഷ നേതാവെന്ന നിലയിൽ പൊതുശ്രദ്ധയിൽ കൊണ്ടുവരുന്നതു കർത്തവ്യബോധം മുൻനിർത്തിയാണ്. കീഴ്കോടതി വൈകാരികമായി അല്ല, നിയമപരമായും വസ്തുനിഷ്ഠമായും തെളിവുകൾ വിലയിരുത്തിയുള്ള നടപടിക്രമങ്ങൾ ആയിരുന്നു അവലംബിക്കേണ്ടിയിരുന്നത്. ഈ അഭിപ്രായംകൂടി അപ്പീൽ കോടതി നടത്തുമെന്നും അപ്പീൽ നടപടികളുമായി മുന്നോട്ടു പോകുമെന്നും ഓഫിസ് അറിയിച്ചു.

Also Read: അഴിമതി നടത്തിയെന്ന് ആരോപണം; വിഎസിനെതിരായ മാനനഷ്ടക്കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് അനുകൂല വിധി

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Vs achuthanandan to file appeal on solar case defamation verdict