തിരുവനന്തപുരം:പാചകവാതക സബ്‌സിഡി പൂര്‍ണ്ണമായും എടുത്തു കളയാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റം മൂലം പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഇരുട്ടടിയാണ് പാചകവാതക സബ്‌സിഡി ഇല്ലാതാക്കാനുളള തീരുമാനം.

ഓരോ ദിവസവും മോദി സര്‍ക്കാര്‍ ഓരോ ജനവിരുദ്ധ നടപടികളാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. നോട്ടുനിരോധനവും ആലോചനയില്ലാതോ നടപ്പാക്കിയ ജി എസ് ടി യും ഒക്കെയായി സാധാരണക്കാരുടെ ജീവിതം ദുസ്സഹമായി മാറ്റി. അതിന് ശേഷം വീണ്ടും ജനങ്ങളെ വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് തള്ളിയിട്ടുകൊണ്ട് പാചകവാതക സബ്‌സിഡി ഇല്ലാതാക്കുന്നത്.

അംബാനിമാര്‍ക്കും, അദാനിമാര്‍ക്കും ആയിരക്കണക്കിന് കോടിയുടെ സൗജന്യങ്ങള്‍ വാരിക്കോരി നല്‍കുന്നതിനിടയിലാണ് മോദി പാവപ്പെട്ടവന്റെ അടുപ്പില്‍ വെള്ളം കോരിയൊഴിക്കുന്നത്.

രാജ്യങ്ങളായ രാജ്യങ്ങള്‍ മുഴുവന്‍ ചുറ്റിയടിച്ചു നടക്കുന്ന നരേന്ദ്രമോദിക്ക് രാജ്യത്തെ സാധാരണ ജനങ്ങളുടെ ജീവിതക്‌ളേശങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
മോദിയെയും, ബി ജെ പി സര്‍ക്കാരിനെയും തൂത്തെറിഞ്ഞു കൊണ്ടല്ലാതെ രക്ഷ ലഭിക്കാന്‍ പോകുന്നില്ലെന്നും വി.എസ് പറഞ്ഞു.

പാചകവാതക സബ്‌സിഡി പൂർണമായും നിർത്താലാക്കുമെന്ന വാർത്തകളോട് പ്രതികരിച്ചാണ് വി​എസ്സിന്റെ പ്രസ്താവന. ഇന്നലെ ഈ വിഷയത്തിൽ​ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിഷേധിച്ചിരുന്നു. സബ്‌സിഡി  പിൻവലിക്കാനുളള​ തീരുമാനത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് പിണറായി ആവശ്യപ്പെട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ