തിരുവനന്തപുരം: കോൺഗ്രസ് നേതാവും കണ്ണൂർ എംപിയുമായ കെ.സുധാകരന്റെ അധിക്ഷേപ പരാമർശങ്ങൾക്ക് ചുട്ടമറുപടിയുമായി ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ. ജന്മനാ തലച്ചോറ് ശുഷ്കമായ, ചില തലനരയ്ക്കാനനുവദിക്കാത്ത വൃദ്ധന്മാരാണ് തന്റെ തലയോട്ടിയെ വിശകലനം ചെയ്യുന്നതെന്ന് വി.എസ് ഫെയ്സബുക്കിൽ കുറിച്ചു. ഇത്തരക്കാരുടെ വറ്റിവരണ്ട തലമണ്ടയില്‍നിന്ന് കറുത്ത ചായത്തിന്‍റെ മണമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനാവില്ലെന്നും വി.എസ് വ്യക്തമാക്കി.

വറ്റിവരണ്ട തലയോട്ടിയില്‍ നിന്ന് എന്ത് ഭരണപരിഷ്കാരമാണ് വരേണ്ടതെന്നായിരുന്നു സുധാകരൻ വി.എസിനെ അധിക്ഷേപിച്ചു കൊണ്ട് പറഞ്ഞത്. “90 ൽ എടുക്ക് നടക്ക് എന്ന ഒരു ചൊല്ല് മലബാറിലുണ്ട്. പത്തുകോടി ചെലവാക്കാന്‍ മാത്രം വിഎസ് എന്താണ് കേരളത്തിനുവേണ്ടി ചെയ്തത്,” എന്നും കെ സുധാകരന്‍റെ ചോദിച്ചിരുന്നു. വട്ടിയൂർകാവിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ഇത്.

വട്ടിയൂർകാവിൽ എൽഡിഎഫ് സ്ഥാനാർഥി വി.കെ പ്രശാന്തിന്റെ പ്രചാരണത്തിൽ പങ്കെടുക്കാനെത്തിയ വി.എസ് ഇതിന് മറുപടി പറയുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. എന്നാൽ ഇപ്പോൾ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ സുധാകരന് കുറിക്കുകൊള്ളുന്ന മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. പീഡനക്കേസിലെ തന്നെക്കാള്‍ യുവാവായ പ്രതിയെ വിദേശത്തേക്ക് കടത്താന്‍ സഹായിച്ച യുവ വൃദ്ധന്‍റെ ജല്‍പ്പനങ്ങള്‍ക്കല്ല, നാടിന്‍റെ വികസനത്തെക്കുറിച്ചാണ് ജനങ്ങള്‍ കാതോര്‍ക്കുക എന്നും വി.എസ് പറഞ്ഞു.

കൂട്ടത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർക്കും വി.എസ് ഒളിയമ്പെയ്തു. “എന്‍എസ്എസാണ് പ്രതിപക്ഷത്തിന്‍റെ കച്ചിത്തുരുമ്പ്. ഏതോ സമുദായ പോപ്പ് പറയുന്നതിനനുസരിച്ച് തുള്ളുന്ന സമുദായങ്ങള്‍ ഇന്നില്ല എന്നെങ്കിലും ഇവര്‍ തിരിച്ചറിയുന്നത് നന്നായിരിക്കും. ആര്‍ജവമുണ്ടെങ്കില്‍ കേരളത്തിന്‍റെ വികസന മുന്നേറ്റത്തെക്കുറിച്ച് ഇവര്‍ പറയുമായിരുന്നു. സാമൂഹ്യസുരക്ഷാ നടപടികളെക്കുറിച്ച് പറയുമായിരുന്നു. അത്തരം ചര്‍ച്ചകളിലേക്ക് അവര്‍ വരില്ല. ഇവര്‍ക്കൊന്നും ജനകീയ പ്രശ്നങ്ങള്‍ പറയാനില്ല എന്നര്‍ത്ഥം,” എന്ന് വിഎസ് കുറിച്ചു.

ബിജെപിയുടെ ബി ടീമാണ് യുഡിഎഫ് എന്നും രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലത്ത് അവർക്ക് അതിലൊന്നും താൽപ്പര്യമേയില്ലെന്നും വി.എസ് വിമർശിച്ചു. “അവരുടെ വിഷയം ശബരിമലയാണ്. ശബരിമലയില്‍ സ്ത്രീകളെ കയറ്റണമെന്ന് വാദിച്ചതും അതിനായി കേസ് കൊടുത്തതും ലേഖനമെഴുതിയതും ബിജെപിയാണ്. അവരുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ച് ഉത്തരവായപ്പോള്‍ അതിനെ ആദ്യം സ്വാഗതം ചെയ്തതും ബിജെപിയാണ്, ആ ഉത്തരവ് നടപ്പാക്കിയപ്പോള്‍ അതിനെതിരെ സമരാഭാസം നടത്തിയത് ബിജെപിയും യുഡിഎഫും സംയുക്തമായാണ്,” വി എസ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.