തിരുവനന്തപുരം: മൂന്നാർ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ തന്റെ കാലത്തെടുത്ത മുന്നേറ്റം യുഡിഎഫ് സർക്കാർ വന്നപ്പോൾ ഇല്ലാതായെന്നു ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദൻ. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ കയ്യേറ്റം രൂക്ഷമായി. മൂന്നാറിൽ എൽഡിഎഫ് സർക്കാർ ഒഴിപ്പിച്ചെടുത്ത ഭൂമി യുഡിഎഫ് സർക്കാരിന്റെ കാലത്ത് വീണ്ടും കയ്യേറി. റിസോർട്ടുകൾ ഉയർന്നു. രമേശ് ചെന്നിത്തല അപ്പോൾ ഉറങ്ങുകയായിരുന്നോവെന്നും വിഎസ് ചോദിച്ചു.

92 കെട്ടിടങ്ങൾ എൽഡിഎഫ് കാലത്ത് പൊളിച്ചുമാറ്റി. ടാറ്റ ടീ കയ്യേറിയ ഭൂമി തിരിച്ചുപിടിച്ചുവെന്നും വിഎസ് പറഞ്ഞു. വി.എസ്.അച്യുതാനന്ദന്റെ മൂന്നാർ ദൗത്യം വൻപരാജയമായിരുന്നുവെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

മൂന്നാറിൽ കയ്യേറ്റങ്ങൾ തുടരുന്നുവെന്നത് ഹൃദയഭേദകമാണ്. പ്രകടനപത്രികയിലെ വാഗ്‌ദാനം എൽഡിഎഫ് പാലിക്കണം. ഭൂമാഫിയക്കാർ കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതിനെതിരെ രംഗത്തു വരുന്നു. എത്ര ഉന്നതരായാലും ഒഴിപ്പിക്കണം. മൂന്നാറിലെ എല്ലാ അനധികൃത കയ്യേറ്റങ്ങളും ഉടൻ ഒഴിപ്പിക്കണം. ഏലപ്പാട്ട ഭൂമിയിലെ നിർമാണ പ്രവർത്തനങ്ങൾ ന്യായീകരിക്കാനാവില്ലെന്നും വിഎസ് പറഞ്ഞു.

മൂന്നാറിലെ ഭൂമി കേസുകളിൽ സർക്കാർ കൂടുതൽ ജാഗ്രത കാട്ടണം. കയ്യേറ്റങ്ങളെ ന്യായീകരിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കും. വേണ്ടി വന്നാൽ മൂന്നാറിലേക്ക് പോകുമെന്നും വിഎസ് അറിയിച്ചു.

തന്റെ വീട് പട്ടയഭൂമിയിലാണെന്ന ദേവികുളം എംഎൽഎ എസ്.രാജന്ദ്രന്റെ അവകാശ വാദത്തെക്കുറിച്ചും വിഎസ് പ്രതികരിച്ചു. എസ്.രാജേന്ദ്രൻ ഭൂമാഫിയയുടെ ആളാണെന്ന കാര്യത്തിൽ സംശയമില്ല. ഇത്തരക്കാർക്കെതിരെ നടപടി വേണമെന്ന ജനങ്ങളുടെ ചിന്ത സ്വാഭാവികമാണെന്നും വി.എസ്.അച്യുതാനന്ദൻ അഭിപ്രായപ്പെട്ടു.

രാജേന്ദ്രന്റേത് വ്യാജ പട്ടയമാണെന്നും പൊതുമരാമത്ത് വകുപ്പ് പുറമ്പോക്കിലുൾപ്പെടുന്ന സ്ഥലത്താണ് വീടു നിർമിച്ചിരിക്കുന്നതെന്നും ആരോപണം ഉയർന്നിരുന്നു. എന്നാൽ തനിക്ക് എട്ടു സെന്റ് ഭൂമിയുണ്ടെന്നും പട്ടയമുണ്ടെന്നുമാണു രാജേന്ദ്രന്റെ അവകാശവാദം. രാജേന്ദ്രനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. രാജേന്ദ്രന്റെ വീട് പട്ടയഭൂമിയിലാണെന്നും അതു കയ്യേറ്റ ഭൂമിയാണെന്ന പ്രചാരണം നേരത്തേയുള്ളതാണെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഈ അഭിപ്രായത്തിനു എതിരായ നിലപാട് ഇപ്പോൾ വിഎസ് സ്വീകരിച്ചിരിക്കുന്നത്.

അതേസമയം, പട്ടയഭൂമിയിലാണ് തന്റെ വീടെന്ന ദേവികുളം എംഎൽഎ എസ്.രാജേന്ദ്രന്റെ വാദം പൊളിയുന്ന രേഖകൾ പുറത്തുവന്നിരുന്നു. ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയാണ് പട്ടയം നൽകിയതെന്ന രാജേന്ദ്രന്റെ വാദം തെറ്റാണെന്നു പൊളിഞ്ഞു. 2000 ൽ എ.കെ.മണി ലാൻഡ് അസൈൻമെന്റ് കമ്മിറ്റി ചെയർമാനായിരുന്ന കാലയളവിലാണു പട്ടയം നൽകിയതെന്നായിരുന്നു വാദം. എന്നാൽ രാജേന്ദ്രൻ പറയുന്ന കാലയളവിൽ കമ്മിറ്റി യോഗം ചേർന്നിട്ടില്ലെന്നാണ് ദേവികുളം താലൂക്കിൽനിന്നും ലഭിച്ചിരിക്കുന്ന വിവരാവകാശ രേഖയിൽനിന്നും വ്യക്തമായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ