/indian-express-malayalam/media/media_files/uploads/2017/03/vs-achuthanandan04.jpg)
തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതിനെ ഭയപ്പെടുന്നവര്‍ ആരായാലും അവരെ സംശയിക്കണമെന്ന് വി.എസ്.അച്യുതാനന്ദന്‍. ദേവഹിതം നേരിട്ട് ചോദിച്ച് മനസ്സിലാക്കിയതുപോലെയാണ് ചില രാജകുടുംബാംഗങ്ങള്‍ ഈ പ്രശ്‌നത്തോട് പ്രതികരിക്കുന്നത്. എന്നാല്‍, ഇതിനു മുമ്പ് ഇതേ ബി നിലവറ തുറന്നപ്പോള്‍ ആരും ദേവഹിതം ചോദിച്ചതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. അപ്പോള്‍ പ്രശ്‌നം ദേവഹിതമല്ല, വ്യക്തിഹിതമാണെന്ന് വ്യക്തമെന്നും വിഎസ് പ്രസ്താവനയിൽ പറഞ്ഞു.
സ്വാതന്ത്ര്യത്തിനു ശേഷം രാജാവില്ലെന്നും അതുകൊണ്ട് രാജാവെന്ന നിലയില്‍ ക്ഷേത്രാധികാരത്തിന് അവകാശവാദമുന്നയിക്കാന്‍ രാജ കുടുംബത്തിനോ, രാജകുടുംബമെന്ന് അവകാശപ്പെടുന്ന ആര്‍ക്കും യാതൊരവകാശവുമില്ലെന്നും 2007-ല്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ്‌കോടതിയും 2011-ല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും വ്യക്തമാക്കിയിട്ടുള്ളതാണ്. അത് ശരിവെക്കുന്ന തരത്തില്‍ രാജകുടുംബങ്ങള്‍ ഉള്‍പ്പെടാത്ത അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയാണ് ഇപ്പോഴത്തെ ഭരണസംവിധാനം. അതുകൊണ്ടുതന്നെ, സുപ്രീംകോടതിയുടെ നിരീക്ഷണമനുസരിച്ച് നിലവറ തുറന്ന് ക്ഷേത്ര സ്വത്തിന്റെ കണക്കെടുപ്പ് നടത്തേണ്ടതാണ്.
ഇതിനു മുമ്പുതന്നെ ബി നിലവറ തുറന്നതായി വിനോദ് റായി കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്. എന്നിട്ടും സുപ്രീംകോടതി നിര്‍ദ്ദേശമനുസരിച്ച് നിലവറ തുറക്കാന്‍ തടസ്സം നില്‍ക്കുന്നത് സംശയകരമാണ്. ജനഹിതവും ക്ഷേത്ര സ്വത്തിന്റെ സംരക്ഷണവും ആഗ്രഹിക്കുന്ന എല്ലാവരും അതുമായി സഹകരിക്കുകയാണ് വേണ്ടതെന്നും വിഎസ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.