തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ഇടതുമുന്നണിയെ രൂക്ഷമായി വിമര്‍ശിച്ച് ഭരണപരിഷ്കരണ ചെയര്മാന് വിഎസ് അച്യുതാനന്ദന് അയച്ച കത്ത് ഇന്ന് കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ചയ്ക്ക് എടുത്തേക്കും. മത-വർഗീയ ശക്തികൾ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയമായി മുന്നേറുമ്പോൾ തൊടുന്യായം കണ്ടെത്താതെ തോൽവിയുടെ കാരണത്തെ കുറിച്ച് ഇടതുപക്ഷം ആത്മപരിശോധന നടത്താൻ സമയം അതിക്രമിച്ചെന്നാണ് അച്യുതാനന്ദൻ കത്തില്‍ വിമര്‍ശിക്കുന്നത്. തെരഞ്ഞെടുപ്പ് തോൽവിക്ക് ഇടതുപക്ഷം ശരിയായ ഉത്തരം കണ്ടെത്തേണ്ടതുണെന്നും വി.എസ് പറഞ്ഞു. ഇത് സംബന്ധിച്ച് കേന്ദ്ര കമ്മിറ്റിക്ക് മൂന്ന് പേജുളള കത്താണ് വി എസ് നല്‍കിയത്.
കേരളത്തില്‍ പാര്‍ട്ടിയില്‍ നിന്നും ജനങ്ങള്‍ അകന്നത് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ചര്‍ച്ചയും നടക്കും. നയപരിപാടികളില്‍ നിന്നും പാര്‍ട്ടി വ്യതിചലിച്ചതായും വിഎസ് കുറ്റപ്പെടുത്തുന്നുണ്ട്. നേരത്തേയും അദ്ദേഹം ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തനത്തെ വിമര്‍ശിച്ച് കേന്ദ്ര കമ്മിറ്റിയില്‍ കത്ത് നല്‍കിയിരുന്നു. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് ശേഷം ഇതാദ്യമായാണ് അദ്ദേഹം രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.
‘ഇന്ത്യയിൽ ഇടതു പക്ഷത്തിന് ഭാവിയില്ലെന്ന സഹയാത്രികരുടെ വിലാപം തെറ്റായ ബോധമാണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരേ തെറ്റായി പൊതു വിലയിരുത്തൽ ഉണ്ടായ സാഹചര്യവും ഗൗരവമായി കാണണം. ജനാധിപത്യവും മതേതരത്വവും ഭീഷണി നേരിടുമ്പോൾ അതിനെ നേരിടാൻ ഇടത് പക്ഷത്തിന് ഏറെ ഉത്തരവാദിത്വമുണ്ട്. ഇന്നത്തെക്കാൾ മതവിശ്വാസവും യഥാസ്ഥിതികത്വവും ദുരാചാരങ്ങളും ശക്തമായിരുന്നു പഴയ കാലത്ത്. എന്നിട്ടും അന്ന് ഇടതുപക്ഷം മുന്നേറി. ഇടതുപക്ഷ പ്രസ്ഥാനം അത് പരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. തോൽവിക്ക് തൊടുന്യായം കണ്ടെത്തുന്നതിൽ അത് പരിമിതപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.
Read More: പിണറായി സര്‍ക്കാരിന് തൊട്ടതെല്ലാം പിഴച്ചുവെന്ന് വിഎസ് അച്യുതാനന്ദന് കേന്ദ്ര കമ്മറ്റിയില്‍
ഇടതുപക്ഷത്തെ ശക്തിപ്പെടുത്താൻ ത്യാഗപൂർണമായ രാഷ്ട്രീയത്തിന്റെ പിൻമുറക്കാരായി ജനങ്ങളിലേക്ക് ഇറങ്ങുകയല്ലാതെ കുറുക്കുവഴികളൊന്നുമില്ലെന്നും വിഎസ് കൂട്ടിച്ചേർത്തു. മുമ്പും വർഗീയത ഭീഷണിയായിട്ടുണ്ടെങ്കിലും ഇപ്പോൾ ഉത്കണ്ഠാ ജനകമാണ്. വർഗീയതയെ നേരിടാൻ ഇടത് പക്ഷമല്ലാതെ മറ്റാരാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു
തിരഞ്ഞെടുപ്പിന് മുമ്പ് പികെ ശശി വിവാദത്തിലാണ് വിഎസ് കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരുന്നത്. പികെ ശശിയ്ക്കതിരെ ശക്തമായ നടപടി തന്നെ വേണം എന്നായിരുന്നു വിഎസ് അച്യുതാനന്ദന് ആവശ്യപ്പെട്ടിരുന്നത്. പീഡന പരാതികളില്‍ പാര്‍ട്ടി വിട്ടുവീഴ്ച ചെയ്യരുത്. സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ പാര്‍ട്ടി ഒരിക്കലും ഇരട്ടത്താപ്പ് കാണിക്കരുത് എന്നും വിഎസ് ആവശ്യപ്പെട്ടിരുന്നു. അല്ലാത്ത പക്ഷം ഇടതുപക്ഷത്തിന് തരിച്ചടി നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.