തിരുവനന്തപുരം: ഭീമമായ സ്വാശ്രയ മെഡിക്കല്‍ ഫീസ് വർധനവ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദന്‍ ആരോഗ്യ മന്ത്രിയ്ക്ക് കത്തു നല്‍കി. സ്വാശ്രയ എംബിബിഎസ് സീറ്റിന് 85% സീറ്റിലും അഞ്ചരലക്ഷം രൂപ ആയാണ് ഫീസ് വർധിപ്പിച്ചിട്ടുള്ളത്. ഇതു സാധാരണക്കാരായ വിദ്യാര്‍ത്ഥികളെ അടക്കം ഗുരുതരമായി ബാധിക്കുന്നതാണെന്നും വിഎസ് പറഞ്ഞു.

ജസ്റ്റിസ് ആര്‍.രാജേന്ദ്രബാബു കമ്മിറ്റിയുടെ ശുപാര്‍ശയാണ് ഫീസ് വർധനവ് എന്നു പറഞ്ഞ് സർക്കാർ മാറി നില്‍ക്കുന്നത് ശരിയല്ല. ഇതു സ്വാശ്രയ മാനേജുമെന്റുകളുടെ കൊള്ളക്ക് സര്‍ക്കാര്‍ കൂട്ടു നില്‍ക്കുന്നുവെന്ന് പ്രതീതിയുണ്ടാക്കും. ഫീസ് വർധനയ്‌ക്കെതിരെ എസ്എഫ്ഐ പോലുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ ഇതിനകം രംഗത്തു വന്നിട്ടുമുണ്ട്. ഇതു വലിയ തോതിലുള്ള വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനും ഇടയാക്കി എന്നു വരും. അതുകൊണ്ട് അടിയന്തിരമായി ഭീമമായ ഈ ഫീസ് വർധന പിന്‍വലിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ