പെരിന്തൽമണ്ണ: മലപ്പുറം ലോക്‌സഭ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇടത് ക്യാമ്പിന് ആവേശമേകി വി.എസ്. അച്യുതാനന്ദൻ പെരിന്തൽമണ്ണയിലെത്തി. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എൽ.ഡി.എഫ് സംഘടിപ്പിച്ച പ്രചാരണയോഗത്തിൽ സംസാരിക്കാനാണ് സംസ്ഥാന ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാനായ വി.എസ്. പെരിന്തൽമണ്ണയിൽ എത്തിയത്.

മലപ്പുറം തിരഞ്ഞെടുപ്പ് ഫലം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിലയിരുത്തലാകുമെന്ന് വി.എസ്. പറഞ്ഞു. ഇതിന് പിന്നീലെ ഐസ്ക്രീം കേസ് പ്രചാരണ ആയുധമാക്കിയ വി.എസ്, കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ മൊഴികൾ പരമാർശിച്ചു. “അമ്മ -പെങ്ങന്മാർ ഇരിക്കുന്നത് കൊണ്ട് കൂടുതൽ പറയുന്നില്ലെന്ന്” പറഞ്ഞാണ് വി.എസ് നിർത്തിയത്.

മൂന്നാറിൽ തന്റെ സർക്കാർ എടുത്ത നിലപാടുകളെ പൂർണ്ണമായും അട്ടിമറിക്കുകയാണ് യു.ഡി.എഫ് സർ്കാർ ചെയ്തത്. പരിസ്ഥിതി വിഷയങ്ങളില്ലെല്ലാം യു.ഡി.എഫ് സർക്കാർ ജനവിരുദ്ധ നിലപാടുകൾ സ്വീകരിച്ചു. ഇതിന്റെ തിക്ത ഫലമാണ് ഇന്ന് ജനങ്ങൾ അനുഭവിക്കുന്ന 40 ഡിഗ്രി ചൂട്. ആ മന്ത്രിസഭയിൽ അംഗമായിരുന്ന ഒരാളെ ഇനിയും വിജയിപ്പിക്കണമോയെന്ന് ചിന്തിക്കണമെന്നും വി.എസ്. പറഞ്ഞു.

അതേസമയം സംസ്ഥാന സർക്കാരിനെതിരെ കത്തി നിൽക്കുന്ന ജിഷ്ണു പ്രണോയ് കേസ് വി.എസ്. അച്യുതാനന്ദൻ പരാമർശിച്ചതേയില്ല. മഹിജയ്ക്കെതിരായ പൊലീസ് അതിക്രമവും തുടർന്നുണ്ടായ വിവാദങ്ങളും ഒഴിവാക്കിയ വി.എസ്, വിഷയത്തിൽ സംസ്ഥാന സർക്കാർ പത്രപരസ്യം നൽകിയതും പ്രസംഗത്തിൽ നിന്ന് ഒഴിവാക്കി.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ