തിരുവനന്തപും: മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംസ്ഥാന ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍. സംവരണം സാമ്പത്തിക പദ്ധതിയല്ലെന്നും, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസവും തൊഴിലും അപ്രാപ്യമാവുന്ന സാമൂഹ്യ അനീതിതിക്കെതിരെ അവശ്യമായ ഒരു ജനാധിപത്യ അവകാശമായാണ് സംവരണത്തെ കാണേണ്ടതെന്നും വിഎസ് പറഞ്ഞു.

വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് സിപിഎം സാമ്പത്തിക സംവരണത്തെ എതിര്‍ത്തതാണെന്ന് വിഎസ് പ്രസ്താവനയില്‍ പറഞ്ഞു. ജാതി പിന്നാക്കാവസ്ഥ പോലെ, സാമ്പത്തിക പിന്നാക്കാവസ്ഥ ശാശ്വതമല്ല. സംവരണം പോലുള്ള കാര്യങ്ങളെ കേവലം വോട്ട് ബാങ്ക് രാഷ്ട്രീയമാക്കി തരം താഴ്ത്താനുള്ള ബിജെപിയുടെ നീക്കം തുറന്നു കാട്ടപ്പെടണമെന്നും വിഎസ് ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി എ.കെ.ബാലനും സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ പാര്‍ട്ടിയുടേയും സര്‍ക്കാരിന്റെയും നിലപാട് തള്ളിയാണ് മുതിര്‍ന്ന നേതാവായ വിഎസ് രംഗത്തുവന്നിരിക്കുന്നത്.

ഇന്ത്യന്‍ ജനാധിപത്യത്തില്‍ സംവരണം എന്ന ആശയത്തിന്റെ സത്ത ചോര്‍ത്തിക്കളയുന്ന തീരുമാനമാണ് ബിജെപി മന്ത്രിസഭ കൈക്കൊണ്ടിട്ടുള്ളത്. സംവരണം എന്നത് ഒരു സാമ്പത്തിക പദ്ധതിയല്ല. അതുകൊണ്ടാണ്, ജനകീയ ജനാധിപത്യത്തിന്റെ സത്തയുമായി ഒരു തരത്തിലും യോജിച്ചു പോവാത്ത സാമ്പത്തിക സംവരണത്തെ സിപിഎം പിന്തുണക്കാതിരുന്നത്. വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് ഇതുപോലൊരു കാബിനറ്റ് തീരുമാനമുണ്ടായപ്പോള്‍ സിപിഎം അതിന്റെ പൊള്ളത്തരം തുറന്നുകാട്ടിയിട്ടുണ്ടെന്നും വിഎസ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.