തിരുവനന്തപുരം: ലോ അക്കാദമിക്ക് നൽകിയ ഭൂമി ഏറ്റെടുക്കേണ്ടതില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ തള്ളി ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദൻ. സർക്കാർ ഭൂമി അനർഹമായി ആരു കൈവശം വച്ചാലും പിടിച്ചെടുക്കുകയെന്നത് പ്രാഥമിക നടപടിയാണ്. അതു പിടിച്ചെടുത്തേ മതിയാകൂവെന്നും വിഎസ് പറഞ്ഞു.
ലോ അക്കാദമിക്ക് ഭൂമി നൽകിയതിനെക്കുറിച്ച് അന്വേഷണമില്ലെന്ന് പിണറായി വിജയൻ കോഴിക്കോട് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. സി.പി.രാമസ്വാമിയുടെ കാലത്ത് ഭൂമി നൽകിയതിനെപ്പറ്റി അന്വേഷണം നടത്താൻ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ലോ അക്കാദമിക്ക് സർക്കാർ ഭൂമി നൽകിയതിനെക്കുറിച്ച് അന്വേഷിക്കണമെന്നു ആവശ്യപ്പെട്ട് വിഎസ് റവന്യൂമന്ത്രിക്ക് കത്ത് നൽകിയതിനു മറുപടിയായാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.
മുഖ്യമന്ത്രിയുടെ പ്രസ്താവനയെ തള്ളി റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും രംഗത്തെത്തിയിരുന്നു. ലോ അക്കാദമി ഭൂമി കേസിൽ റവന്യൂ വകുപ്പിന്റെ അന്വേഷണം തുടരുമെന്നും റിപ്പോർട്ട് കിട്ടിയതിനുശേഷം നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.