കൊൽക്കത്ത: രാഷ്ട്രീയ അടവുനയത്തിൽ വഴക്കമാണ് ആവശ്യമെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് സഹകരണ വിഷയത്തിൽ വിഎസ് തന്റെ പിന്തുണ യെച്ചൂരിക്ക് പ്രഖ്യാപിച്ചു. കേന്ദ്രകമ്മിറ്റി യോഗത്തിന് നൽകിയ കത്തിലാണ് വിഎസ് തന്റെ നിലപാടറിയിച്ചത്.
ആദർശം പറഞ്ഞിരുന്നാൽ ബിജെപിയെ പരാജയപ്പെടുത്താനാവില്ലെന്നും അടവുനയത്തിൽ കടുംപിടിത്തമല്ല, വഴക്കമാണു വേണ്ടതെന്നും വിഎസ് കത്തിൽ പറഞ്ഞു. സിപിഎം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ പ്രമേയത്തിന്റെ കരട് ചർച്ചചെയ്യാനുള്ള കേന്ദ്രകമ്മിറ്റി യോഗത്തിൽ വയ്ക്കാനാണ് വിഎസ് കത്തു നൽകിയത്.
ബിജെപിയെയും കോൺഗ്രസിനെയും ഒരേ നിലയിൽ ശത്രുക്കളായി കാണണമെന്ന മുൻ നിലപാടിൽ നിന്ന് പുറകോട്ട് പോകരുതെന്നാണ് സിപിഎമ്മിൽ ഉയർന്നിരിക്കുന്ന മറ്റൊരു അഭിപ്രായം. കേന്ദ്രകമ്മിറ്റി യോഗത്തിലെ പ്രത്യേക ക്ഷണിതാവാണ് വിഎസ്. മൂന്ന് ദിവസത്തെ യോഗം ഇന്നലെയാണ് ആരംഭിച്ചത്.
വിഷയത്തിൽ സമവായം വേണമെന്ന് ഇന്നലെ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. ദേശീയ തലത്തിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ അടവുനയത്തിലാണ് തർക്കം. ദേശീയടിസ്ഥാനത്തിൽ കോൺഗ്രസുമായി സഹകരണം വേണമെന്നാണ് ബംഗാൾ ഘടകത്തിന്റെയും ആവശ്യം. എന്നാൽ സഹകരണത്തെ തുറന്നെതിർത്താണ് കേരള ഘടകം നിലപാടെടുത്തത്.