തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി വി.എസ്.അച്യുതാനന്ദൻ. അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരം പൊതുപ്രശ്നമാണെന്ന് ഭരണപരിഷ്കാര കമീഷന്‍ ചെയര്‍മാനായ വിഎസ് പറഞ്ഞു. അക്കാദമി മാനേജ്മെന്‍റിന്റെ കൈവശമുള്ള അധിക ഭൂമി തിരിച്ചെടുക്കണം. അത് സര്‍ക്കാര്‍ ഭൂമിയാണ്. ലോ അക്കാദമി സമരം അങ്ങനെ നീളാന്‍ പാടില്ല. ബന്ധപ്പെട്ട അധികാരികള്‍ ഗൗരവമായി നടപടി സ്വീകരിച്ചാല്‍ സമരം നീണ്ടു പോകില്ല. അധികാരപ്പെട്ടവരെ നിയന്ത്രിക്കാന്‍ കഴിയുന്ന ശക്തികള്‍ തന്നെ അവര്‍ക്ക് കീഴടങ്ങുന്ന സമീപനം എടുത്താന്‍ അത് വിജയിക്കാന്‍ ഇടയില്ലെന്നും വിഎസ് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു.

ലോ അക്കാദമിക്ക് എന്താവശ്യത്തിനായാണോ സര്‍ക്കാര്‍ ഭൂമി നല്‍കിയത്, ആ ആവശ്യത്തിനല്ലാതെ ഉപയോഗിക്കപ്പെടുന്ന ഭൂമിയും അതിലെ ചമയങ്ങളും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കാണിച്ച് വിഎസ് റവന്യൂ മന്ത്രിക്ക് കത്ത് നല്‍കി. ലോ അക്കാദമിയുടെ ഇപ്പോഴത്തെ ഘടനയിലുള്ള ട്രസ്റ്റിനാണോ ഭൂമി നല്‍കിയത്, ആ ഭൂമി അത് നല്‍കിയ ആവശ്യത്തിനല്ലാതെ മറ്റാവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്നുണ്ടോ, സൊസൈറ്റി എന്ന നിലയിലല്ലാതെ, സ്വകാര്യ റിയല്‍ എസ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കമ്പനിയുമായി ചേര്‍ന്ന് പുന്നം റോഡിലുള്ള സ്ഥലത്ത് ഫ്ലാറ്റ് കെട്ടി വില്‍പ്പന നടത്തുന്നത് നിയമപരമാണോ എന്നീ കാര്യങ്ങള്‍ ഉള്‍പ്പെടെ, സര്‍ക്കാര്‍ നല്‍കിയ ഭൂമിയുടെ വിനിയോഗത്തെ സംബന്ധിച്ച് കര്‍ശനമായ പരിശോധന നടത്തേണ്ടതുണ്ടെന്ന് വിഎസ് കത്തില്‍ ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ