തിരുവനന്തപുരം: ത്രിപുരയിലെ തിരഞ്ഞെടുപ്പ് ഫലം ഏറെ ഗൗരവത്തോടെ കാണണമെന്ന് മുതിർന്ന സിപിഎം നേതാവ് വി.എസ്.അച്യുതാനന്ദൻ. സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരായ അന്തിമ പോരാട്ടത്തിന് ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളും തയ്യാറെടുക്കേണ്ട സമയമാണിതെന്ന് ഈ തിരഞ്ഞെടുപ്പ് ഫലം നമ്മെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് വിഎസ് പ്രസ്താവനയിൽ വ്യക്തമാക്കി.

സംഘപരിവാര്‍ ശക്തികളുടെ ആയുധപ്പുരകള്‍ സമ്പന്നമാണ്. അവരുടെ തന്ത്രങ്ങള്‍ ഏറെ വഴക്കമുള്ളതാണ്. അത്തരമൊരു ഫാസിസ്റ്റ് മഹാമാരിയെയാണ് ഇന്ത്യന്‍ പശ്ചാത്തലത്തില്‍ നമുക്ക് തുരത്തിയെറിയാനുള്ളത്. അതിനു കഴിയാതെവന്നാല്‍, രാജ്യത്തിന്‍റെ പരമാധികാരവും, സാമ്പത്തിക സുരക്ഷയും, മതനിരപേക്ഷതയും, ജനാധിപത്യവുമാണ് തകര്‍ന്നടിയുക.

അതിനെതിരായ അന്തിമ പോരാട്ടത്തിലേക്കാണ് ഇന്ത്യന്‍ ഇടതുപക്ഷം നയിക്കപ്പെടുന്നത്. ആ പോരാട്ടം തനിച്ച് നയിക്കാനും ജയിക്കാനുമുള്ള ശക്തി ഇന്ന് ഇടതുപക്ഷത്തിനില്ല എന്നത് വസ്തുതയാണ്. മറ്റ് ദേശീയ, പ്രാദേശിക ബൂര്‍ഷ്വാ പാര്‍ട്ടികളും ശിഥിലമാണ്. അവരെല്ലാം ആഗോളവല്‍ക്കരണ സാമ്പത്തിക നയങ്ങളുടെ ഇരകളുമാണ്.

മാത്രവുമല്ല, അത്തരം അഴിമതിക്കാര്‍ക്കെതിരെ അതിശക്തമായ സമരമുഖങ്ങള്‍ തുറന്ന പാര്‍ട്ടിയാണ് സിപിഐ-എം. എന്നാല്‍, അത്തരം ബൂര്‍ഷ്വാ പാര്‍ട്ടികളിലെ മതനിരപേക്ഷ ശക്തികളെ തന്ത്രപരമായി കൂട്ടിയോജിപ്പിച്ച് ഒരു യുദ്ധമുന്നണി തുറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സംഘപരിവാര്‍ ഫാസിസത്തെ ഇന്ത്യയില്‍ തറപറ്റിക്കാന്‍ പ്രയാസമായിരിക്കും- വിഎസ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ