ന്യൂഡൽഹി: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോയില്‍ വിഎസ് അച്യുതാനന്ദന്‍. പാർട്ടിയുടെ നിലപാടുകൾ സർക്കാർ നിരന്തരം ലംഘിച്ചുവെന്ന് വിഎസ് കുറ്റപ്പെടുത്തി. മൂന്നാറിൽ കൈയേറ്റക്കാർക്ക് അനുകൂലമായ നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്നും ജനങ്ങളുടെ വിശ്വാസം സര്‍ക്കാര്‍ ഇല്ലാതാക്കിയെന്നും വിഎസ് വിമര്‍ശിച്ചു.

കൈയേറ്റങ്ങൾ ഒഴിപ്പിച്ച ഐ.എ.എസ് ഉദ്യോഗസ്ഥരെ പിന്തുണയ്ക്കുന്നതിന് പകരം കൈയേറ്റക്കാർക്കൊപ്പം നിന്ന് അവരെ വിമർശിച്ചത് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ കാരണമായെന്നും അദ്ദേഹം പറഞ്ഞു. ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കട്ടരാമനെ നീക്കിയത് ശരിയായ നടപടി ആയിരുന്നില്ല. സർക്കാർ ഭൂമി തിരിച്ചു പിടിക്കുമെന്ന് പ്രഖ്യാപിച്ച സർക്കാർ തന്നെ കൈയേറ്റക്കാർക്ക് ഒത്താശ ചെയ്യുന്ന സമീപനമാണ് സ്വീകരിച്ചതെന്നും വിഎസ് കുറ്റപ്പെടുത്തി.

സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ് നിർണയത്തിലും സർക്കാരിനു ഗുരുതര പാളിച്ചയുണ്ടായെന്നും ഒറ്റനികുതി നയം നടപ്പാക്കിയപ്പോൾ കേന്ദ്ര നിലപാടുകൾക്കു വിരുദ്ധമായി സർക്കാർ നിലകൊണ്ടത് പാര്‍ട്ടിക്ക് തിരിച്ചടിയായെന്നും വിഎസ് കുറ്റപ്പെടുത്തി. അടുത്ത ദിവസം ചേരുന്ന പോളിറ്റ് ബ്യൂറോയില്‍ വിഎസിന്റെ വിമര്‍ശനങ്ങള്‍ ചര്‍ച്ച ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ