തിരുവനന്തപുരം:​ വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സഹോദരിമാരുടെ വീട് ഇന്ന് ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദൻ സന്ദർശിക്കും. രാവിലെ 11 മണിക്കാണ് ഇന്ന് സന്ദർശനം. അതേസമയം വൈകിട്ട് ആറ് മണിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇവിടെയെത്തും.

ജനവരി 13 നാണ് ആദ്യത്തെ കുട്ടിയെ  തൂങ്ങിമരിച്ച നിലയിൽ ഒറ്റമുറി വീടിനകത്ത് കണ്ടത്. പിന്നീട് 52 ദിവസങ്ങൾക്ക് ശേഷം രണ്ടാമത്തെ പെൺകുട്ടിയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ആദ്യത്തെ കുട്ടി പീഡിപ്പിക്കുപ്പെട്ടിരുന്നുവെന്നാണ് മരണശേഷം അമ്മ വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ പൊലീസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന് കാട്ടി എസ്ഐ പിസി ചാക്കോയ്ക്കെതിരെ നടപടി എടുത്തിരുന്നു.

ഒറ്റമുറി വീട്ടിലെ കഴുക്കോലിൽ പെൺകുട്ടികൾ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മരിച്ച ദിവസം ഈ വീട്ടിൽ നിന്നും മുഖം തൂവാല കൊണ്ട് മറച്ച് രണ്ട് പേർ പുറത്തിറങ്ങി പോകുന്നത് ഇളയ പെൺകുട്ടി കണ്ടിരുന്നു. ഇക്കാര്യം പിന്നീട് പൊലീസിനോട് അമ്മ അറിയിച്ചു. എന്നാൽ വേണ്ടവിധം പൊലീസ് അന്വേഷിച്ചില്ലെന്നാണ് വിവരം. ഇതോടെ പൊലീസ് പ്രതിസ്ഥാനത്തായി.

അതേസമയം മരിച്ച പെൺകുട്ടികളുടെ ബന്ധുവടക്കം രണ്ട് പേരെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസിൽ ഇനിയും അഞ്ചോളം പേരുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഇവരെ ഇന്നും നാളെയുമായി പിടികൂടാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook