പാലക്കാട്: വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ സഹോദരിമാർ മരിച്ച സംഭവത്തിൽ പൊലീസിനെ രൂക്ഷമായി കുറ്റപ്പെടുത്തി ഭരണ പരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ. വാളയാറിൽ മരിച്ച കുട്ടികളുടെ അമ്മയെ കണ്ട ശേഷമാണ് വിഎസ് കടുത്ത ഭാഷയിൽ പൊലീസ് അന്വേഷണത്തെ വിമർശിച്ചത്. എന്നാൽ സംഭവത്തിന് പുറകിൽ സിപിഎം നേതാക്കൾക്ക് പങ്കുണ്ടെന്ന കാര്യം, കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം പറഞ്ഞു. വിഎസിന്റെ മണ്ഡലമായ മലന്പുഴ നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട സ്ഥലമാണ് വാളയാർ.

“സ്ത്രീകൾക്കെതിരായ അതിക്രമ കേസുകളിൽ പൊലീസ് സ്വീകരിക്കുന്ന നിലപാട് പ്രതികളെ സംരക്ഷിക്കുന്ന നിലയിലാണ്. പല കേസിലും പ്രതികൾക്കൊപ്പം നിന്നാണ് കേസന്വേഷണം മുന്നോട്ട് പോകുന്നത്. ഈ പെൺകുട്ടികളുടെ കേസിൽ അന്വേഷണം ശരിയായ ദിശയിലല്ല തുടക്കം മുതൽ മുന്നോട്ട് പോയത്.  അന്വേഷണം കാര്യക്ഷമമല്ലെന്നും” അദ്ദേഹം കുറ്റപ്പെടുത്തി.

“പല കേസുകളിലും പൊലീസ് കഴിവുകെട്ട നിലയിലാണ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. പെൺകുട്ടികളെ മൃഗീയമായി കൊലപ്പെടുത്തിയതാണ്. അതിന്റെ ശരിയായ അന്വേഷണം നടത്തി പ്രതികൾക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കാൻ പൊലീസ് ശ്രമിക്കണം. പാവപ്പെട്ട ഈ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണം.”-വിഎസ് പറഞ്ഞു.

അതേസമയം, പ്രാദേശിക പാർട്ടി നേതൃത്വത്തിനെതിരായ ആരോപണങ്ങളെ വിഎസ് തള്ളിക്കളഞ്ഞു.  എന്നാൽ അറസ്റ്റിലായ വ്യക്തികളെ സ്റ്റേഷനിൽ നിന്ന് ഇറക്കിക്കൊണ്ടുവരാൻ ശ്രമിച്ചെന്ന വാർത്ത കെട്ടിച്ചമച്ചതാണെന്നും, തെറ്റായ വാർത്ത കൊടുക്കലാണതെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി 13 നാണ് 12 വയസ്സുള്ള പെൺകുട്ടിയെ മരിച്ച നിലയിൽ ഒറ്റമുറി വീട്ടിനകത്ത് കണ്ടെത്തിയത്. 52 ദിവസങ്ങൾക്ക് ശേഷം അനുജത്തിയെയും സമാനമായ രീതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴുക്കോലിലേക്കക് പെൺകുട്ടിയ്ക്ക് കൈ എത്തില്ലെന്നതാണ് സംഭവം കൊലപാതകമാണെന്ന സംശയം ഉയർത്തിയത്. ആദ്യത്തെ മരണം നടന്ന ദിവസം ഈ വീട്ടിൽ നിന്നും രണ്ടു പേർ മുഖം തൂവാല കൊണ്ട് മറച്ച് ഇറങ്ങിപ്പോകുന്നത് കണ്ട ഒരേയൊരാൾ മരിച്ച രണ്ടാമത്തെ പെൺകുട്ടിയാണ്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. കൂടുതൽ പേർ പിടിയിലാകുമെന്നാണ് വിവരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.