scorecardresearch
Latest News

ഇത് കേരളമാണ്, രാഷ്ട്രത്തെ വിറ്റുതുലയ്ക്കുന്ന ബിജെപിക്ക് ഇവിടെ നിലയുറപ്പിക്കാനാകില്ല: വിഎസ്

ഏതു കെടുതിയിലും അടുപ്പിലെ തീ അണയാതെ കാവല്‍നിന്ന ഇടതുപക്ഷത്തെയല്ലാതെ ജനങ്ങള്‍ക്ക് തിരഞ്ഞെടുക്കാനാവില്ല

VS Achuthanadan, വി.എസ് അച്ചുതാനന്ദൻ, LDF, എൽഡിഎഫ്, BJP, ബിജെപി, Kerala Assembly Election 20210, കേരള നിയമസഭ തിരഞ്ഞെടുപ്പ്, iemalayalam, ഐഇ മലയാളം

ആലപ്പുഴ: ബിജെപി രാഷ്ട്രത്തെ വിറ്റു തുലയ്ക്കുകയാണെന്നും അവർക്ക് കേരളത്തിൽ നിലനിൽക്കാനാകില്ലെന്നും മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദൻ. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായ വി.എസ്.അച്യുതാനന്ദന്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇങ്ങനെ പറഞ്ഞത്.

“ബിജെപി കേരളത്തില്‍ നേട്ടമുണ്ടാക്കാനായി ശ്രമിക്കും. വിമോചനസമരം തൊട്ടിങ്ങോട്ട് പ്രതിലോമശക്തികള്‍ ഇടതുപക്ഷത്തെപ്പോലെതന്നെ സജീവമാണ്. പക്ഷേ, ഇത് കേരളമാണ്. ഇടതുപക്ഷ മതനിരപേക്ഷ കേരളത്തില്‍ ബിജെപിക്ക് വേരുറപ്പിക്കാനാവില്ല. രാഷ്ട്രത്തെ വിറ്റുതുലയ്ക്കുന്ന ബിജെപിയെ ഏറ്റവും നന്നായി വിലയിരുത്തുന്നതും കേരളമാവും,” വിഎസ് പറഞ്ഞു.

Read More: ശബരിമലയുടെ പേര് പറഞ്ഞ് ബിജെപി ജനങ്ങളെ വഞ്ചിക്കുന്നു: കെ.കെ ശൈലജ

സംസ്ഥാനത്ത് ഇടതുപക്ഷ ഭരണം തുടരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് വിഎസ് പറഞ്ഞു. എൽഡിഎഫ് പ്രവർത്തകർ വിശ്രമമില്ലാതെ പണിയെടുക്കണമെന്നും നേട്ടങ്ങളുടെ തുടർച്ചയും വളർച്ചയും ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

“രണ്ടു പ്രളയങ്ങളും നിപയും കോവിഡുമൊക്കെ അതിജീവിച്ച് ജനങ്ങള്‍ക്ക് സംരക്ഷണകവചം ഒരുക്കിയ സര്‍ക്കാരിനെ ജനങ്ങള്‍ മനസിലാക്കിയിട്ടുണ്ട്. ഏതു കെടുതിയിലും അടുപ്പിലെ തീ അണയാതെ കാവല്‍നിന്ന ഇടതുപക്ഷത്തെയല്ലാതെ ജനങ്ങള്‍ക്ക് തിരഞ്ഞെടുക്കാനാവില്ല,” വിഎസ് പറഞ്ഞു.

പിണറായി വിജയൻ എന്ന നേതാവിനെ കുറിച്ച് എന്തു കരുതുന്നുവെന്ന ചോദ്യത്തിന് ഏതെങ്കിലും നേതാവിനെ വിലയിരുത്തുന്നതിൽ കാര്യമില്ല എന്നായിരുന്നു വിഎസിന്റെ മറുപടി. എന്നാൽ നേതാവില്ലാതെ മുന്നണി നേതൃത്വത്തിന് പൂർണതയില്ലെന്നും പാർട്ടി ഏൽപ്പിച്ച കാര്യങ്ങൾ എങ്ങനെ നിറവേറ്റുന്നുവെന്നതിലാണ് കാര്യമെന്നും വിഎസ് പറഞ്ഞു.

ആരോപണങ്ങളെ ഭയപ്പെട്ടാൽ ഒരു ഭരണാധികാരിക്കും ഭരണം നടത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വർണക്കടത്തുൾപ്പെടെ സർക്കാരിനെതിരായ ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു വിഎസിന്റെ പ്രതികരണം.

“ഞാന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മുഖ്യമന്ത്രിക്കെതിരെ നിലനില്‍ക്കുന്ന ഒരു ആരോപണം കണ്ടെത്തുന്നതിനുവേണ്ടി പ്രതിപക്ഷം ഒരു കമ്മിറ്റിയെ നിയോഗിക്കുകവരെ ചെയ്തിട്ടുണ്ടല്ലോ. കേന്ദ്ര ഏജന്‍സികളാണ് ഇപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കുന്നത്. അതും, എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആവശ്യാര്‍ഥം. തിരഞ്ഞെടുപ്പുകാലത്ത് ആ അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് എന്ന ആരോപണവുമുണ്ട്. ആരോപണങ്ങളെ ഭയപ്പെട്ടാല്‍ ഒരു ഭരണാധികാരിക്കും ഭരണം നടത്താനാവില്ല,” വിഎസ് പറഞ്ഞു.

More Election News: കൂടുതൽ തിരഞ്ഞെടുപ്പ് വാർത്തകൾ വായിക്കാം

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Vs achuthanadan says bjp will not win in kerala