തിരുവനന്തപുരം: വി.എസ് അച്യുതാന്ദൻ സർക്കാരിലെ അസ്വാരസ്യങ്ങൾ പരസ്യമാക്കിയ സി.ദിവാകരന് ചുട്ട മറുപടിയുമായി വി.എസ്.അച്യുതാന്ദൻ. ഘടകകക്ഷികളുടെ സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകാനാവില്ലെന്നാണ് സി. ദിവാകരന് വി.എസിന്റെ മറുപടി. ഇതുപൊലെയുള്ള ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ തന്റെ മന്ത്രിസഭയിലിരുന്ന് സി.ദിവാകരൻ ചെയ്തതെന്തെല്ലാമാണെന്ന് ജനം അന്വേഷിക്കുമെന്നും വി.എസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

അന്നത്തെ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളെ കുറിച്ച് ജനം ഓർക്കുമെന്നും മലർന്നു കിടന്ന് തുപ്പുന്നവർക്കറിയില്ല, ആരുടെ മുഖത്തേക്കാണവർ തുപ്പുന്നതെന്നും വി.എസ് കുറിക്കുന്നു. ഇതിനൊപ്പം ഭരണപരിഷ്‌കാര കമ്മിഷൻ സമ്പൂർണ പരാജയമാണെന്ന ദിവാകരന്റെ ആരോപണത്തിനും വി.എസ് മറുപടി നൽകുന്നു. മൂന്ന് റിപ്പോർട്ടുകൾ ഇതിനകം പൂർത്തിയാക്കി സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും, അതിനാൽ തന്നെ ഒരു പരാജയമെന്ന് വിളിക്കാനാവില്ലെന്നും വി.എസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഡി.സാജു അനുസ്മരണച്ചടങ്ങിൽ സംസാരിക്കവേയാണ് അച്യുതാനന്ദൻ സർക്കാരിൽ സി.പി.ഐയിൽ നിന്നുമുള്ള മന്ത്രിമാർക്ക് നേരെ ധനമന്ത്രിയായ തോമസ് ഐസക് വിവേചനത്തോടെ പെരുമാറിയെന്ന ഗുരുതര ആരോപണം മുൻ മന്ത്രികൂടിയായ സി.ദിവാകരൻ ഉന്നയിച്ചത്. ഇത് കൂടാതെ വി.എസ് അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മിഷൻ സമ്പൂർണ പരാജയമാണെന്നും സി.ദിവാകരൻ തുറന്നടിച്ചിരുന്നു.

വിഎസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

പാർലമെണ്ടറി രാഷ്ട്രീയത്തിൽ പരാജയങ്ങളുണ്ടെന്ന് ഒരു എംഎൽഎ പ്രഖ്യാപിക്കുമ്പോൾ, അതൊരു വാർത്തയാവുകയാണ്. ഭരണ പരിഷ്‌കരണ കമ്മീഷൻ പരാജയമാണെന്നും, ഒരു മുൻ മന്ത്രിക്ക് കൊമ്പുണ്ടെന്നും പറയുമ്പോൾ, ആ മന്ത്രിസഭയിലിരുന്ന മന്ത്രി എന്താണ് ചെയ്തുകൊണ്ടിരുന്നതെന്ന് ജനങ്ങൾ അന്വേഷിക്കും. അന്നത്തെ മാധ്യമ വാർത്തകൾ അവർ അയവിറക്കും. മലർന്നു കിടന്ന് തുപ്പുന്നവർക്കറിയില്ല, ആരുടെ മുഖത്തേക്കാണവർ തുപ്പുന്നതെന്ന്.
ഭരണ പരിഷ്‌കരണ കമ്മീഷനെ സംബന്ധിച്ച്, ഇതിനകം മൂന്ന് റിപ്പോർട്ടുകൾ പൂർത്തിയാക്കി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. അതൊരു പരാജയമാണെന്ന് അഭിപ്രായമില്ല. സംസ്ഥാനത്തിന്റെ ധനകാര്യം കൈകാര്യം ചെയ്യുമ്പോൾ ധനമന്ത്രിയുടെ പരിഗണനാ വിഷയങ്ങൾ മുൻഗണനാടിസ്ഥാനത്തിലായേ തീരൂ. അവിടെ ഘടകകക്ഷികളുടെ സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകാനാവില്ല. എന്നാൽ, ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാടുകളോട് പരിഗണനാ വിഷയങ്ങൾ നീതി പുലർത്തുന്നില്ലെങ്കിൽ അത് പറയുന്നതിൽ തെറ്റുമില്ല

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.