തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം സൂചിപ്പിക്കുന്നത് ജാതി സംഘടനകള്‍ക്ക് കേരളത്തിന്റെ വിധി നിര്‍ണയിക്കാനുള്ള കെല്‍പ്പില്ലെന്നു തന്നെയാണെന്ന് വി.എസ്.അച്യുതാനന്ദന്‍. ജനങ്ങളുടെ ആ മനോഭാവമാണ് വാസ്തവത്തില്‍ നവോത്ഥാനത്തിന്റെ സൂചനയെന്നും വിഎസ് പറഞ്ഞു.

”ഒരു തിരഞ്ഞെടുപ്പ് വിശകലനത്തിന് സമയമായിട്ടില്ല. പക്ഷെ, ഉപതിരഞ്ഞെടുപ്പുകളുടെ ഫലം സൂചിപ്പിക്കുന്നത് ജാതി സംഘടനകള്‍ക്ക് കേരളത്തിന്റെ വിധി നിര്‍ണയിക്കാനുള്ള കെല്‍പ്പില്ല എന്നുതന്നെയാണ്. ജനങ്ങളുടെ ആ മനോഭാവമാണ് വാസ്തവത്തില്‍ നവോത്ഥാനത്തിന്റെ സൂചന” വിഎസ് ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു.

”രാഷ്ട്രീയ പാര്‍ട്ടികള്‍ തിരിച്ചറിയേണ്ടതും ഭാവി പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടതുമായ കാര്യമാണത്. വിശ്വാസവും വൈകാരികതയും ഹിന്ദുത്വവുമൊന്നും കേരള ജനതയുടെ മനസിലേക്കിറങ്ങിയിട്ടില്ലെന്നും ഈ തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നുണ്ട്. വട്ടിയൂര്‍ക്കാവിലെ തിരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുമ്പോള്‍ ഞാന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു” വിഎസ് പറഞ്ഞു.

Kerala ByPoll Results 2019 Live Updates: കോന്നിയില്‍ അട്ടിമറി വിജയം; അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍

വട്ടിയൂര്‍ക്കാവിലെ ഇടതുപക്ഷ വിജയം ആദ്യം പ്രഖ്യാപിച്ചത് യുഡിഎഫ് സ്ഥാനാർഥി തന്നെയായിരുന്നു. അതിന്റെ കാരണങ്ങളും അദ്ദേഹം പറഞ്ഞു. ഇതെഴുതുമ്പോള്‍, യുഡിഎഫ് നേതാക്കള്‍ ഓരോരുത്തരായി, പ്രതികരണങ്ങളുമായി വന്നുകൊണ്ടിരിക്കുന്നു. അവിടെ പാളയത്തില്‍ പട തുടങ്ങിക്കഴിഞ്ഞുവെന്നും വിഎസ് പറഞ്ഞു.

അതേസമയം,, എല്‍ഡിഎഫിനെ സംബന്ധിച്ച്, കോന്നിയിലേതും രാഷ്ട്രീയ വിജയംതന്നെയാണെന്നും വിഎസ് അഭിപ്രായപ്പെട്ടു. പക്ഷെ, വിശ്രമിക്കാന്‍ ഒരു നിമിഷംപോലും ബാക്കിയില്ലാത്ത മുന്നണിയാണ് എല്‍ഡിഎഫ് എന്ന തിരിച്ചറിവ് ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.