തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് വി.എസ്.അച്യുതാനന്ദന്‍. കേരള പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കാര്‍ നിലപാട് ഇടതുപക്ഷ ആശയങ്ങള്‍ക്ക് വിരുദ്ധമെന്ന് ഭരണപരിഷകാര ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.

സര്‍ക്കാര്‍ നിലപാടുകള്‍ ഇടത് ആശയങ്ങളുമായി ഒത്തുപോകുന്നില്ല. ഇടത് ആശയങ്ങള്‍ക്ക് പിഴവ് വരുത്തിയാല്‍ അത് ജനവിശ്വാസം തകരുന്നതിനിടയാക്കും. സര്‍ക്കാരും മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കണം. വി.എസ്.അച്യുതാനന്ദന്‍ പിണറായി വിജയന് എഴുതിയ കത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. കാര്‍ട്ടൂണ്‍ വിവാദത്തില്‍ സര്‍ക്കാര്‍ ഇടപെടരുതെന്നും വി.എസ്.കത്തില്‍ ആവശ്യപ്പെടുന്നു.

Read Also: ‘മലര്‍ന്നു കിടന്ന് തുപ്പുന്നു’; സി ദിവാകരനെതിരെ വിഎസ് അച്യുതാനന്ദന്‍

പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുക, ലളിതകലാ അക്കാദമി പ്രഖ്യാപിച്ച കാര്‍ട്ടൂണ്‍ പുരസ്കാരത്തില്‍ സര്‍ക്കാര്‍ ഇടപെടുക, കുന്നത്തുനാട് നിലം നികത്തലടക്കം കേരളത്തില്‍ നടക്കുന്ന നിലം നികത്തലുകളിലും കയ്യേറ്റങ്ങളിലുമെല്ലാം വേണ്ടത്ര ജാഗ്രത പുലര്‍ത്താതിരിക്കുക എന്നീ കാര്യങ്ങളില്‍ ഗൗരവമായ പുനഃപരിശോധന ആവശ്യമാണെന്ന് കാണിച്ചുള്ള കത്താണ് വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് നൽകിയിരിക്കുന്നത്.

ഇടതുപക്ഷ നിലപാടുകളുടെ നിരാസമാണെന്ന് വ്യാഖ്യാനിക്കാവുന്ന നടപടികള്‍ ജനങ്ങളുടെ അവിശ്വാസത്തിന് കാരണമാവും. മനുഷ്യാവകാശ ലംഘനങ്ങളുടെ കാര്യത്തിലും ആവിഷ്കാര സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന കാര്യത്തിലും, നിലം നികത്തലുകളുടെ കാര്യത്തിലുമെല്ലാം ഇടതുപക്ഷ നിലപാടുകള്‍ വ്യക്തമാണ്. അത്തരം കാര്യങ്ങളില്‍ സംഭവിക്കുന്ന പിഴവുകള്‍ ജനവിശ്വാസം നഷ്ടപ്പെടുത്തുമെന്ന് വി.എസ് കത്തിൽ കൂട്ടിച്ചേർത്തു.

Read Also: കേരള കോൺഗ്രസ് പിന്നെയും പിളർന്നു; ജോസ് കെ.മാണി പുതിയ ചെയർമാൻ

ഇടത് നയങ്ങൾക്ക് അനുസരിച്ചല്ല സർക്കാർ നീങ്ങുന്നതെന്നാണ് കത്തിലെ പ്രധാന വിമർശനം. ഇത് തിരുത്തണമെന്നും അല്ലെങ്കിൽ അത് ദോഷം ചെയ്യുമെന്നും വി.എസ്.പറഞ്ഞിട്ടുണ്ട്. നേരത്തെയും സംസ്ഥാന സർക്കാർ നിലപാട് ചോദ്യം ചെയ്ത് വി.എസ്.അച്യുതാനന്ദൻ സംസ്ഥാന സർക്കാരിന് കത്തയച്ചിട്ടുണ്ട്. ശബരിമല വിഷയം നടക്കുന്ന സമയത്ത് ഇടത് നിലപാട് ശരിയാണെന്ന് പറഞ്ഞുള്ളതായിരുന്നു വി.എസ്.നടത്തിയ പ്രസ്താവന.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook