തിരുവനന്തപുരം: പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കാനുള്ള സര്‍ക്കാര്‍ ആലോചനക്കെതിരെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍. പൊലീസ് കമ്മീഷണറേറ്റ് രൂപീകരണത്തെ എതിര്‍ത്ത് വിഎസ് നിയമസഭയില്‍ സംസാരിച്ചു. പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കിയാല്‍ പിന്നീട് സംഭവിക്കുന്ന കാര്യങ്ങള്‍ കണ്ണ് തുറന്നിരുന്ന് കാണേണ്ടി വരുമെന്ന് വിഎസ് സഭയില്‍ പറഞ്ഞു. പൊലീസിന്റെ നടപടികള്‍ക്കെതിരെയാണ് വിഎസ് രംഗത്തെത്തിയത്.

നെടുങ്കണ്ടം കസ്റ്റഡി മരണത്തിലും വിഎസ് സര്‍ക്കാരിനെ വിമര്‍ശിച്ചു. പൊലീസ് സേനയില്‍ അടുത്ത കാലത്തുണ്ടായ സംഭവങ്ങള്‍ ഗുരുതരമാണ്. സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.  പൊലീസ് കമ്മീഷണറേറ്റ് രൂപീകരണം ഇടത് സർക്കാർ നയങ്ങൾക്ക് യോജിച്ചതല്ലെന്ന് വിഎസ് നേരത്തെ ആരോപിച്ചിരുന്നു. വി.എസ്.അച്യുതാനന്ദൻ ഇക്കാര്യം അറിയിച്ച് പിണറായി വിജയന് കത്ത് നൽകുകയും ചെയ്തിട്ടുണ്ട്.

അതേസമയം,  പൊലീസ് കമ്മീഷണറേറ്റ് രൂപീകരണം ധൃതിപിടിച്ച് നടപ്പിലാക്കില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ നിയമസഭയിൽ അറിയിച്ചത്. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ തിടുക്കമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കമ്മീഷണറേറ്റ് സ്ഥാപിക്കുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ അയഞ്ഞ നിലപാട് സ്വീകരിച്ചതെന്നാണ് സൂചന. കമ്മീഷണറേറ്റ് രൂപീകരണത്തില്‍ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. വേണ്ടത്ര കൂടിയാലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം മാത്രമേ അന്തിമ തീരുമാനം കൈക്കൊള്ളൂ എന്നും പിണറായി വിജയന്‍  പറഞ്ഞു.

നഗരത്തിലെ പൊലീസിന് കൂടുതൽ അധികാരം കിട്ടുന്നതോടെ ക്രമസമാധാനം ഭദ്രമാക്കുകയാണ് ലക്ഷ്യമെന്നാണ് പിണറായി വിജയൻ പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടി നൽകുന്നത്. രാജ്യത്ത് 44 ഓളം നഗരങ്ങളിൽ കമ്മീഷണറേറ്റ് പ്രവർത്തിക്കുന്നുണ്ട്. അത് നിയമസംവിധാനത്തെ കൂടുതൽ സുരക്ഷിതത്വവും ഭദ്രവും ആക്കാനാണെന്നും പ്രതിപക്ഷത്തിന് മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു.

പ്രതിപക്ഷം പൊലീസ് കമ്മീഷണറേറ്റ് രൂപീകരണത്തിന് എതിരാണ്. ഐഎഎസ് ലോബിയുടെ സമ്മർദത്തിന് സർക്കാർ വഴങ്ങുകയാണെന്ന് പ്രതിപക്ഷത്തു നിന്നുള്ള എംഎൽഎ വി.ടി.ബൽറാം ആരോപിക്കുന്നു. പൊലീസിന് പൂർണ അധികാരം നൽകുന്നത് ക്രമസമാധാനത്തെ ബാധിക്കുമെന്നും പ്രതിപക്ഷം ആരോപിച്ചു. കസ്റ്റഡി മരണത്തിൽ ഉൾപ്പെടെ പൂർണ അധികാരം പൊലീസിന് ലഭിക്കുന്നത് എന്ത് പരിണിത ഫലമാണ് ഉണ്ടാക്കുക എന്നും വി.ടി.ബൽറാം ചോദിച്ചു. പൊലീസിന് പൂർണ അധികാരം നൽകുന്നത് മനുഷ്യാവകാശ ലംഘനം ആകുമെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.