കാസര്‍ഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നെന്ന ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ആരോപണങ്ങള്‍ക്കെതിരെ വോട്ടര്‍മാര്‍ രംഗത്ത്. സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച വിദേശത്ത് എന്ന് ആരോപിക്കപ്പെട്ട വോട്ടര്‍മാര്‍ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചു. തങ്ങളെ സമൂഹം ഇപ്പോള്‍ സംശയത്തോടെയാണ് നോക്കുന്നതെന്നും ഇതുവരെ വിദേശത്ത് പോകാത്തവരും പട്ടികയിലുണ്ടെന്നും ഇവര്‍ അറിയിച്ചു.

“ഹൈക്കോടതി സമന്‍സ് അയച്ചതിന് പിന്നാലെ തങ്ങളെ സമൂഹവും സംശയത്തോടെയാണ് നോക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഞാന്‍ വിദേശത്ത് നിന്നും വന്നത്. പിന്നീട് പോയിട്ടില്ല. എന്നാല്‍ ഞാന്‍ വിദേശത്താണെന്നാണ് സുരേന്ദ്രന്‍ കള്ള സത്യവാങ്മൂലം നല്‍കിയത്”, ഒരു വോട്ടര്‍ മനോരമയോട് പ്രതികരിച്ചു.

കഴിഞ്ഞ ജ മരിച്ചവരുടെ പട്ടികയിലുള്ള വോട്ടര്‍ സമന്‍സ് കൈയ്യോടെ സ്വീകരിച്ചത് വാര്‍ത്തയായി മാറിയിരുന്നു. കാസര്‍കോട് വോര്‍ക്കാടി പഞ്ചായത്തിലെ ബാക്രബയല്‍ സ്വദേശി അഹ്മദ് കുഞ്ഞിയാണ് സമന്‍സ് കൈപറ്റിയത്. ഇദ്ദേഹം മരിച്ചുപോയെന്നും ഇദ്ദേഹത്തിന്റെ വോട്ട് ചെയ്തിട്ടുണ്ടെന്നുമായിരുന്നു സുരേന്ദ്രന്റെ വാദം. എന്നാല്‍ അഹമ്മദ് കുഞ്ഞി സമന്‍സി കൈപ്പറ്റിയത് സുരേന്ദ്രന് തിരിച്ചടിയായി.

പരേതന്‍ വോട്ട് രേഖപ്പെടുത്തിയെന്ന് ആരോപിച്ച് കെ സുരേന്ദ്രന്‍ ഹയല്‍ ചെയ്ത കേസിലാണ് ഹൈക്കോടതി അഹ്മദ് കുഞ്ഞിക്ക് സമന്‍സ് അയച്ചത്. മഞ്ചേശ്വരം തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നെന്നാണ് സുരേന്ദ്രന്റെ ആരോപണം. മരിച്ചവരും സ്ഥലത്തില്ലാതിരുന്നവരുമായ 259 പേരുടെ പേരില്‍ കള്ളവോട്ട് നടന്നിട്ടുണ്ടെന്നും ആരോപിക്കുന്നു. 89 വോട്ടിനാണ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന കെ സുരേന്ദ്രന്‍ പരാജയപ്പെട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.