‘കൊച്ചി മെട്രോയിലേക്ക് സ്വാഗതം’… മെട്രോയിൽ യാത്ര ചെയ്യുന്ന ഓരോരുത്തരും ഇനി എന്നും കേൾക്കാൻ പോകുന്ന വാക്കുകളാണിത്. മലയാളികളുടെ അഭിമാനമായ കൊച്ചി മെട്രോയുടെ ശബ്ദമായത് മൂന്നു മലയാളികളാണ്. ഡൽഹി നിവാസിയായ റിനി സൈമൺ ഖന്ന, റേഡിയോ അവതാരകനായ ബാലകൃഷ്ണൻ പെരിയ, ഡബ്ബിങ് ആർട്ടിസ്റ്റ് വിമ്മി മറിയം ജോർജ്. മെട്രോയുടെ ശബ്ദമാകാൻ കഴിഞ്ഞതിൽ മൂന്നുപേരും സന്തോഷത്തിലാണ്. മെട്രോയ്ക്ക് ശബ്ദം നൽകിയ അനുഭവത്തെക്കുറിച്ച് ഐഇ മലയാളത്തോട് അവർ പങ്കുവയ്ക്കുന്നു.
റിനി സൈമൺ ഖന്ന
മെട്രോയ്ക്ക് റിനി ഖന്ന ശബ്ദം നൽകുന്നത് ആദ്യമായിട്ടല്ല. ഇന്ത്യയിൽ നിലവിലുളള മുഴുവൻ മെട്രോയിലെയും ശബ്ദം റിനിയുടേതാണ്. പക്ഷേ കൊച്ചി മെട്രോയുടെ ശബ്ദമാകാൻ കഴിഞ്ഞതിൽ റിനിക്ക് ഒരുപാട് സന്തോഷമുണ്ട്. ആ സന്തോഷം റിനിയുടെ വാക്കുകളിലുമുണ്ട്. ”കേരളം എന്റെ നാടു കൂടിയാണ്. സ്വന്തം നാട്ടിലെ മെട്രോയ്ക്ക് ശബ്ദം നൽകാനായതിൽ സന്തോഷമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അത് സ്പെഷലാണ്. ഞാൻ ജനിച്ചതും വളർന്നതും ഡൽഹിയിലാണ്. കേരളത്തിൽ ഒരുപാട് നാൾ ജീവിച്ചിട്ടില്ല. അച്ഛന്റെ നാട് കോന്നിയാണ്. അമ്മ കോഴഞ്ചേരിയും. അവധിക്കാലത്ത് എല്ലാ കുട്ടികളെയും പോലെ ഞാനും വരാറുണ്ടായിരുന്നു. എങ്കിലും ഒരു മലയാളി എന്ന നിലയിൽ കൊച്ചി മെട്രോയ്ക്ക് ശബ്ദം നൽകാനായതിൽ സന്തോഷം. എന്റെ ബന്ധുക്കളും സുഹൃത്തുക്കളും മെട്രോയിൽ കേൾക്കുന്നത് എന്റെ ശബ്ദമാണെന്ന് ഓർക്കുമ്പോൾ ഇരട്ടി സന്തോഷം”.
Read More: ചരിത്രം ഉണർന്നിരിക്കുന്ന മെട്രോ- ലോകത്തെ ആദ്യ മെട്രോയിലൂടെ ഒരു സഞ്ചാരം
”കഴിഞ്ഞ 30-40 വർഷമായി ഈ രംഗത്ത് ഞാനുണ്ട്. രാജ്യത്തെ പല മെട്രോകൾക്കും ശബ്ദം നൽകി. അതിനാൽ തന്നെ എന്നെ സംബന്ധിച്ചിടത്തോളം കൊച്ചി മെട്രോയുടെ റെക്കോർഡിങ്ങിൽ പുതുമയൊന്നുമില്ല. എല്ലാം ഒന്നു പോലെയാണ്. പക്ഷേ ഓരോ സ്ഥലത്തും നൽകുന്ന സന്ദേശങ്ങളിൽ വ്യത്യാസമുണ്ടാകും. കൊച്ചി മെട്രോയ്ക്ക് നൽകുന്ന സന്ദേശം ലക്നൗ മെട്രോയ്ക്ക് ശരിയാകില്ല. അതുപോലെ ലക്നൗ മെട്രോയ്ക്ക് നൽകുന്ന സന്ദേശം ഡൽഹി മെട്രോയ്ക്ക് പറ്റില്ല. ഓരോ സംസ്ഥാനത്തെ മെട്രോകളിലെ സന്ദേശങ്ങളിൽ അതിന്റേതായ വ്യത്യാസമുണ്ട്. ഡൽഹിയിലായിരുന്നു എന്റെ റെക്കോർഡിങ്. കൊച്ചി മെട്രോയുടെ മാത്രമല്ല മറ്റെല്ലാ മെട്രോയുടെയും റെക്കോർഡിങ് അവിടെയാണ് ഞാൻ ചെയ്തത്.”
”മെട്രോയുടെ റെക്കോർഡിങ്ങിന് മറ്റൊരു പ്രത്യേകതയുണ്ട്. ഒരു ദിവസം കൊണ്ട് കഴിയുന്നതല്ല മെട്രോയുടെ റെക്കോർഡിങ്. അത് തുടർന്നു കൊണ്ടേയിരിക്കും. മെട്രോയുടെ സ്റ്റേഷനുകൾ വർധിക്കും തോറും റെക്കോർഡിങ്ങും തുടരും. ഇപ്പോഴും രാജ്യത്തെ മറ്റു മെട്രോകൾക്കായി റെക്കോർഡ് ചെയ്യുന്നുണ്ട്. ഡൽഹി മെട്രോ ആരംഭിച്ചിട്ട് 10 വർഷം കഴിഞ്ഞു. ഇപ്പോഴും ഞാൻ റെക്കോർഡ് ചെയ്യുന്നുണ്ട്. ഡൽഹി മെട്രോയ്ക്കായി ഒരുപാട് പേരിൽനിന്നാണ് എന്നെ തിരഞ്ഞെടുത്തത്. പിന്നീടങ്ങോട്ട് എല്ലാ മെട്രോയ്ക്കും എന്റെ ശബ്ദമായി. ഇനി വരുന്ന മെട്രോകൾക്കും എന്റെ ശബ്ദം ആകട്ടെ എന്ന് ആഗ്രഹിക്കുന്നു”.
Read More: ദുബായ് മെട്രോയോളം വരുമോ കൊച്ചി മെട്രോ? താരതമ്യങ്ങൾക്കപ്പുറം ദുബായ് കൊച്ചിക്ക് ഒരു മാതൃകയാണ്
മെട്രോയുടെ ശബ്ദമാകുന്നതിനു മുൻപേ നമ്മൾ റിനിയുടെ ശബ്ദം കേട്ടിട്ടുണ്ട്. ഓൾ ഇന്ത്യ റേഡിയോയിൽ 1982 മുതൽ 2000 വരെ വാർത്താ വായനക്കാരിയായിരുന്നു റിനി. 2006 വരെ ദൂരദർശനിലും വാർത്ത വായിച്ചിട്ടുണ്ട്. 1990 കളുടെ ആദ്യം കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ പിടിഐയുമായി ചേർന്ന് പുറത്തിറക്കിയ ചിത്രാഞ്ജലി വിഡിയോ ന്യൂസ് മാഗസിനിൽ ശശി കുമാറിനോടൊപ്പം അവതാരികയായിരുന്നു. എയർടെൽ തുടങ്ങുന്ന സമയത്ത് ശബ്ദം നൽകിയിട്ടുണ്ട്. മറ്റു നിരവധി ബ്രാൻഡുകൾക്കും റിനി ശബ്ദം നൽകിയിട്ടുണ്ട്. യുഎന്നിന്റെ പരിപാടിയിലും അതിഥിയായി പങ്കെടുത്തിട്ടുണ്ട്.
മെട്രോയുടെ ഉദ്ഘാടന ചടങ്ങിലെ അവതാരികയായി റിനി കൊച്ചിയിൽ എത്തുന്നുണ്ട്. ഡൽഹി മെട്രോയുടെ ശബ്ദത്തിന്റെ ഉടമയെ എല്ലാവർക്കും അറിയില്ലെങ്കിലും ചിലരൊക്കെ തിരിച്ചറിയുന്നുണ്ടെന്നാണ് റിനി പറയുന്നത്.
വിമ്മി മറിയം ജോർജ്
”ജീവിതത്തിൽ തനിക്ക് കിട്ടാവുന്നതിലെ ഏറ്റവും വലിയ അനുഗ്രഹമാണ് കൊച്ചി മെട്രോയ്ക്ക് ശബ്ദം നൽകാൻ കഴിഞ്ഞത്” പറയുന്നത് മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുളള സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ വിമ്മി മറിയം ജോർജ്. ”എന്റെ പ്രൊഫഷനിൽ എനിക്ക് കിട്ടാവുന്ന പൊൻതൂവലാണിത്. സിനിമയ്ക്കു വേണ്ടി ഡബ്ബ് ചെയ്യുന്നവരിൽനിന്നുമാണ് എന്നെ മെട്രോയ്ക്കായി തിരഞ്ഞടുത്തത്. അപ്പോൾ ഒരുപാട് സന്തോഷം തോന്നി. ബെംഗളൂരുവിൽവച്ചായിരുന്നു റെക്കോർഡിങ്. സിനിമയിൽ ഡബ്ബിങ് ചെയ്യുന്നതുപോലെയല്ല. വളരെ വ്യത്യാസമുണ്ട് മെട്രോയിലെ ഡബ്ബിങ്. മെട്രോയ്ക്കുളളിൽ പാലിക്കേണ്ട നിർദേശങ്ങളും സുരക്ഷയ്ക്കുളള മുന്നറിയിപ്പും ഉൾപ്പെടെയുളളവ റെക്കോർഡ് ചെയ്തിട്ടുണ്ട്”.
Read More: To Kochi Metro with Love: ലണ്ടൻ മെട്രോയിൽ നിന്നൊരു ആശംസ
കൊച്ചി മെട്രോയിൽ യാത്ര ചെയ്യാൻ മലയാളികളെപ്പോലെ വിമ്മിയും കാത്തിരിക്കുന്നുണ്ട്. ”മറ്റു മെട്രോകളെ പോലെയല്ല, കൊച്ചി മെട്രോയിൽ യാത്ര ചെയ്യുക എന്റെ വലിയ ആഗ്രഹമാണ്. എന്റെ ശബ്ദം കൊച്ചി മെട്രോയിൽ കേൾക്കാൻ എനിക്ക് ആഗ്രഹമുണ്ട്. ആ അനുഭവം എനിക്കും അറിയണം. മെട്രോയുടെ ഉദ്ഘടാനത്തിന് വരില്ല. പക്ഷേ അതു കഴിഞ്ഞ് മെട്രോയിൽ യാത്ര ചെയ്യാൻ എത്തു”മെന്നും വിമ്മിയുടെ ഉറപ്പ്.
ബാലകൃഷ്ണൻ പെരിയ
ചരിത്രത്തിന്റെ ഭാഗമാവുക എന്നു പറയില്ലേ അതുപോലെയാണ് എന്നെ സംബന്ധിച്ച് മെട്രോയ്ക്ക് ശബ്ദം നൽകാൻ കഴിഞ്ഞത്. ഒരുപാട് സന്തോഷമുണ്ട്. റെക്കോർഡിങ് കൊച്ചിയിൽ വച്ചായിട്ടായിരുന്നു. ഒറ്റടേക്കിൽ തന്നെ എല്ലാം റെക്കോർഡ് ചെയ്തു. ഒരു മണിക്കൂർ കൊണ്ടുതന്നെ റെക്കോർഡിങ് പൂർത്തിയായി. എമർജൻസി നിർദേശങ്ങൾക്കാണ് ഞാൻ ശബ്ദം നൽകിയത്. കാൽ നടയാത്രക്കാർ നടവഴി പുറത്തേക്കു പോവുക, ലിഫ്റ്റിന്റെ വാതിൽ അടയുമ്പോഴും തുറക്കുമ്പോഴും കൈകാലുകൾ ശ്രദ്ധിക്കുക തുടങ്ങി 30 ഓളം നിർദേശങ്ങൾ റെക്കോർഡ് ചെയ്തിട്ടുണ്ട്.
25 വർഷമായി എന്റെ ശബ്ദം ജനങ്ങൾ കേൾക്കാൻ തുടങ്ങിയിട്ട്. 1992 ലാണ് കണ്ണൂർ ആകാശവാണിയിൽ പ്രോഗ്രാം അവതരിപ്പിക്കുന്നത്. തിരുവനന്തപുരം, തൃശൂർ, എറണാകുളം ഈ മൂന്നു സ്റ്റേഷനുകളിലും കഴിഞ്ഞ 12 വർഷമായി ‘ഹലോ ജോയ് ആലുക്കാസ്’ എന്ന പ്രോഗ്രാം അവതരിപ്പിക്കുന്നുണ്ട്. ചില ഡോക്യുമെന്ററികൾക്കും ഡബ്ബ് ചെയ്തിട്ടുണ്ട്.
Read More: കൊച്ചി മെട്രോ-ലിംഗ സമത്വത്തിന്റെ പുതുവഴികളിലേയ്ക്കുളള യാത്ര
എല്ലാവരെയും പോലെ കൊച്ചി മെട്രോയിൽ യാത്ര ചെയ്യാൻ എനിക്കും ആഗ്രഹമുണ്ട്. ഉദ്ഘാടനം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുളളിൽതന്നെ യാത്ര ചെയ്യുമെന്നും ബാലകൃഷ്ണൻ പറയുന്നു.