തിരുവനന്തപുരം: കോണ്‍ഗ്രസിനെ നടന്‍ ഇന്ദ്രന്‍സിനോട് താരതമ്യപ്പെടുത്തി വിവാദത്തിലായി സാംസ്‌കാരിക മന്ത്രി വി.എന്‍ വാസവന്‍. ഹിന്ദി സിനിമയിലെ അമിതാഭ് ബച്ചന്റെ പൊക്കമുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തിലേക്ക് എത്തിയെന്നാണ് മന്ത്രി നിയമസഭയില്‍ പറഞ്ഞത്. മന്ത്രിയുടെ പരാമര്‍ശം ബോഡി ഷെയ്മിങ്ങാണെന്ന് പ്രതിപക്ഷം പറഞ്ഞതോടെ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് മന്ത്രി തന്നെ ആവശ്യപ്പെട്ടു.
2022 ലെ കേരള സഹകരണ സംഘം മൂന്നാം ഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിക്കുന്നതിനിടെ ഹിമാചല്‍ പ്രദേശിലേയും ഗുജറാത്തിലേയും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അംഗങ്ങള്‍ രാഷ്ട്രീയ ചര്‍ച്ചയിലേക്ക് കടന്നതോടെയാണ് മന്ത്രിയുടെ പരാമര്‍ശം. കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതായതുപോലെയായി കോണ്‍ഗ്രസിന്റെ അവസ്ഥ. കോണ്‍ഗ്രസ് രാജസ്ഥാനിലും ഛത്തീസ് ഗഢിലും ഹിമാചല്‍ പ്രദശിലും മാത്രമായി ചുരുങ്ങി. ഹിമാചലില്‍ ജയിച്ചപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഇതാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഗതികേട് വാസവന്‍ പറഞ്ഞു.
കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്നം ഇതാണ്. പണ്ട് മാടവന എഴുതിയ കോളമാണ് ഓര്‍മവരുന്നത്. ലോക മലയാളി സമ്മേളനം അമേരിക്കയില്‍ നടക്കുകയാണ്. അതിനായി കേരളത്തില്‍ നിന്ന് ഞണ്ടിനെ കണ്ടെയ്നറിലാക്കി കപ്പലില്‍ കൊണ്ടുപോകുകയാണ്. കണ്ടെയ്നര്‍ നടുക്കടലില്‍ എത്തിയപ്പോള്‍ ഇതിന്റെ അടപ്പ് തുറന്നുപോയി. ഇതോടെ കപ്പലിലുള്ളവര്‍ ഭയപ്പെട്ട് ബഹളമുണ്ടാക്കാന്‍ തുടങ്ങി. ഇതോടെ മലയാളിയായ കപ്പിത്താന്‍ പറഞ്ഞു. ആരും ഭയപ്പെടേണ്ട. ഞണ്ട് പുറത്തുവരില്ല. മലയാളികളാണ് മുഴുവന്‍ ഞണ്ടും.
അതിന്റെ അര്‍ഥം മുകളിലോട്ട് കയറുന്നവരെ മുഴുവന്‍ ഓരോന്നായി താഴോട്ട് വലിച്ചുകൊണ്ടിരിക്കുകയാണ്. ഗെലോട്ട് മുന്നോട്ട് പോയാല്‍ സച്ചിന്‍ വലിക്കും. ചെന്നിത്തല മുന്നോട്ട് പോയാല്‍ ആര് വലിക്കുമെന്ന് താന്‍ പറയേണ്ടതില്ലല്ലോ. അതുപോല തരൂര്‍ വലിയുമായി വരുന്നു. ഒരെണ്ണവും മുകളിലോട്ട് പോകില്ല. നിങ്ങള്‍ക്ക് എങ്ങനെ നാട് നന്നാക്കാനാകും. അവനാന്റെ താടി താങ്ങാനാവാത്താവന്‍ മറ്റുള്ളോരുടെ അങ്ങാടി എങ്ങനെ താങ്ങുമെന്നും വാസവന്‍ ചോദിച്ചു.