തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പിന്നാലെ എആർ നഗർ വിഷയത്തിൽ കെ.ടി.ജലീൽ എംഎൽഎയെ തള്ളി സഹകരണ മന്ത്രി വി.എൻ.വാസവൻ. സഹകരണ ബാങ്കിലെ ക്രമക്കേട് അന്വേഷിക്കാനും നടപടി സ്വീകരിക്കാനും സംസ്ഥാനത്ത് സംവിധാനമുണ്ട്. വ്യക്തിവിരോധം തീർക്കാൻ സർക്കാർ സംവിധാനം നിൽക്കില്ലെന്നും മന്ത്രി പറഞ്ഞു.
സഹകരണ വിഷയം സംസ്ഥാന വിഷയമാണ്. ഇഡി അന്വേഷിക്കേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞതാണ്. അത് തന്നെയാണ് തനിക്കും പറയാനുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. എആർ നഗറിൽ ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും അന്വേഷണ റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി എആർ നഗർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാടിൽ ഇഡി അന്വേഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കിയത്. സാധാരണ നിലയിൽ ഉന്നയിക്കാൻ പാടില്ലാത്ത ആവശ്യമാണ് അത്. സഹകരണ മേഖല ഇഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്നും സംസ്ഥാന സര്ക്കാരിന്റെ പരിധിയിലുള്ള വിഷയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ സംഭവത്തിൽ സഹകരണവകുപ്പ് കർശന നടപടികളിലേക്ക് നീങ്ങിയതാണ്. എന്നാൽ കോടതിയുടെ സ്റ്റേ നിലനിൽക്കുന്നത് കൊണ്ടാണ് അത് സാധ്യമല്ലാതെ വന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇ.ഡി ചോദ്യം ചെയ്ത ആളാണല്ലോ കെ.ടി.ജലീൽ. അതിനു ശേഷം ഇ.ഡിയിൽ കുറേകൂടി വിശ്വാസം വന്നതായാണ് തോന്നുന്നത്. അങ്ങനെയുള്ള ചില പ്രതികരണങ്ങളാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Also read: മുഖ്യമന്ത്രി പിതൃതുല്യൻ; അദ്ദേഹത്തിന് ശാസിക്കാം
അതിനുള്ള പ്രതികരണം എന്നോണം മുഖ്യമന്ത്രി പിതൃതുല്യനാണെന്നും അദ്ദേഹത്തിന് ശാസിക്കാനും ഉപദേശിക്കാനും തിരുത്താനുമുള്ള എല്ലാ അവകാശവും ഉണ്ടെന്നും ജലീൽ ഇന്ന് രാവിലെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. കുഞ്ഞാലികുട്ടിക്കെതിരെയുള്ള ആരോപണത്തിൽ ഉറച്ചു നിൽക്കുന്നു എന്നും നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നും ജലീൽ വ്യക്തമാക്കുകയും ചെയ്തു.
എആർ നഗർ സഹകരണ ബാങ്കിൽ കുഞ്ഞാലിക്കുട്ടിയും അടുപ്പക്കാരും തിരിമറി നടത്തിയെന്നതാണ് ജലീലിന്റെ ആരോപണം. ഇത് സംബന്ധിച്ച് ജലീൽ ഇ.ഡിക്ക് മൊഴി നൽകുകയും ചെയ്തിരുന്നു.