തിരുവനന്തപുരം: സ്ത്രീകളുടേയും കുട്ടികളുടേയും അരക്ഷിതമായ അവസ്ഥയിലാണ് ഈ വര്‍ഷത്തെ വനിതാ ദിനമെന്നും അത് കേരളീയര്‍ക്ക് അപമാനകരമാണെന്നും കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടതാണ് ഇങ്ങനെ ഒരു ദുരവസ്ഥയ്ക്ക് കാരണം.

കേരളത്തില്‍ നിരന്തരമായി നടന്നു വരുന്ന സ്ത്രീ പീഡനങ്ങളുടെ തുടര്‍ച്ചയാണ് കൊട്ടിയൂരും, വയനാടും, വാളയാറും ഉള്‍പ്പടെയുള്ളത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായി സഞ്ചരിക്കാനുള്ള സ്വതന്ത്ര്യം പോലും നഷ്ടപ്പെട്ടിരിക്കുന്നു. സര്‍ക്കാരിന്റെയും പൊലീസ് ഉള്‍പ്പടെയുള്ള നിയമപാലന സംവിധാനത്തിന്റെയും നിഷ്‌ക്രിയതയാണ് ഈ അവസ്ഥയിലേക്ക് നാടിനെ എത്തിച്ചത്.

ഒരോ സംഭവങ്ങള്‍ ഉണ്ടാകുമ്പോഴും വേട്ടക്കാര്‍ക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്‍കാന്‍ അധികാരികള്‍ക്ക് കഴിയുന്നില്ല. മറിച്ച് ഇരയെ തന്നെ വീണ്ടും വേട്ടയാടുന്ന അവസ്ഥയാണ് വളര്‍ന്ന് വരുന്നത്. സര്‍ക്കാരിന്റെ ഈ മനോഭാവമാണ് വേട്ടക്കാരെ വളര്‍ത്തുന്നത്. അക്രമികള്‍ക്കെതിരെ ശക്തവും കര്‍ശനവുമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറായേ മതിയാകൂ. സ്ത്രീ പീഡകര്‍ ജയിലില്‍ അടയ്ക്കപ്പെടും എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറണം.

നേരിയ പഴുത് പോലുമില്ലാതെ നിയമം ശക്തമായി നടപ്പിലാക്കുകയും ജാതി-മത-രാഷ്ട്രീയ പരിഗണനയില്‍ ഒരു കുറ്റവാളി പോലും രക്ഷപെടാതെ, അക്രമകാരികളെ യഥാര്‍ത്ഥ ക്രിമിനലുകളായി തന്നെ കണ്ട് കൊണ്ട് അവര്‍ അര്‍ഹിക്കുന്ന നിയമപരമായ ശിക്ഷാ നടപടിയിലേക്ക് അവരെയെത്തിക്കാന്‍ സര്‍ക്കാരിന് സാധിച്ചേ മതിയാകൂ. എങ്കിലെ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുവെന്നും സുധീരന്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.