തിരുവനന്തപുരം: സഭ്യതയുടെയും സാമാന്യ മര്യാദയുടേയും സർവ്വസീമകളും ലംഘിച്ച് മന്ത്രി എം.എം മണി ദേവികുളം സബ് കളക്ടർക്കെതിരെ നടത്തിയ പരാമർശം മന്ത്രിസഭയ്ക്കും ജനങ്ങൾക്കും അപമാനകരമാണെന്ന് വിഎം സുധീരന്‍. ഇതു പോലൊരു മന്ത്രി കേരളത്തിലുണ്ടല്ലോ എന്നോർത്ത് നാട് ലജ്ജിക്കേണ്ട അവസ്ഥയിലാണെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

“നിയമവ്യവസ്ഥയെത്തന്നെ വെല്ലുവിളിച്ച് മുന്നോട്ട് പോകുന്ന കൈയേറ്റമാഫിയയെ രക്ഷിക്കാനാണ് ഈ വെപ്രാളമെല്ലാം മന്ത്രി കാണിക്കുന്നത്. മന്ത്രി മണിയുമായി ആലോചിച്ചേ കൈയ്യേറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാവൂ എന്ന മുഖ്യമന്ത്രിയുടെ നിർദേശം മുഖ്യമന്ത്രിയും സി പി എം നേതൃത്വവും കൈയ്യേറ്റലോബിക്ക് ഒപ്പമാണ് എന്ന സന്ദേശമാണ് ആവര്‍ത്തിച്ചു നൽകുന്നതെന്നും സുധീരന്‍ പറഞ്ഞു.

“നിയമലംഘകരായ കൈയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന ശക്തമായ ജനവികാരമാണ് ഉയർന്ന് വന്നിട്ടുള്ളത്. ഇതിൽ നിന്നും ജനശ്രദ്ധ തിരിക്കുന്നതിനാണ് പിണറായി – മണി കൂട്ടുകെട്ട് ഇപ്പോൾ വർഗീയവികാരം ഇളക്കിവിടുന്നതും രാഷ്ട്രീയ തർക്കങ്ങൾ ഉണ്ടാക്കുന്നതും ന്യായമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ തരംതാഴ്ന്ന നിലയിൽ ശകാരിക്കുന്നതും. എതിർപ്പുകളെ അവഗണിച്ച് കൈയേറ്റ മാഫിയയിൽ നിന്നും നാടിനെ രക്ഷിക്കുന്നതിന് ജനതാൽപര്യം മുൻനിർത്തിയുള്ള ശക്തമായ നടപടികളുമായി റവന്യൂ വകുപ്പ് മന്ത്രി മുന്നോട്ട് പോകുമെന്നാണ് ഏവരും കരുതുന്നത്. അതിനുള്ള ഇച്ഛാശക്തിയാണ് ജനങ്ങൾ മന്ത്രിയിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.