തിരുവനന്തപുരം: കടക്ക് പുറത്ത്’ എന്ന് മാധ്യമ പ്രവർത്തകരോട് ആക്രോശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഫാസിസ്റ്റ് മുഖമാണ് പ്രകടമാക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ഇന്നേവരെ കേരളത്തിൽ ഒരു ജനാധിപത്യ ഭരണാധികാരിയുടെ ഭാഗത്തു നിന്നും ഇത്തരത്തിലുള്ള ‘ഗുണ്ടായിസം’ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

“എന്തുകൊണ്ടാണ് പിണറായിക്ക് മാധ്യമങ്ങൾ അലർജിയാകുന്നത്? അധികാരത്തിൽ വരുന്നതിനു മുമ്പ് വിവരാവകാശ നിയമത്തെ കുറിച്ച് വാചാലനായ അദ്ദേഹം മുഖ്യമന്ത്രി എന്ന നിലയിൽ വിവരാവകാശ നിയമത്തിന്റെ അന്തസത്തയെ അട്ടിമറിക്കാൻ ശ്രമിച്ചു. മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി മാധ്യമപ്രവർത്തകരെ കാണുന്ന മുൻ മുഖ്യമന്ത്രിമാരുടെ പതിവ് രീതിയിൽ മാറ്റം വരുത്തിയെന്നും അദ്ദേഹം പറഞ്ഞു.

“ജനാധിപത്യ ശക്തിസ്തംഭമായ മാധ്യമങ്ങളുടെ സ്വതന്ത്രമായ പ്രവർത്തനത്തിനു തടസം നിൽക്കുന്ന മുഖ്യമന്ത്രിയുടെ നടപടി അപലപനീയമാണ്, പ്രതിഷേധാർഹമാണ്. ഇതിനെതിരെ ജനാധിപത്യ വിശ്വാസികളായ എല്ലാവരുടേയും ശക്തമായ പ്രതികരണങ്ങൾ ഉയരേണ്ടിയിരിക്കുന്നു. മാധ്യമങ്ങളെ വർജ്ജിക്കുന്ന പ്രധാനമന്ത്രി മോഡിയുടേയും അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റേയും അതേ പാതയിലാണ് പിണറായി. ട്രംപ്-മോഡി-പിണറായി ഒരേ തൂവൽ പക്ഷികളാണ്. ഇത് കേരളമാണ്. ഏകാധിപത്യ ഫാസിസ്റ്റ് ഭരണാധികാരികളെ നിലയ്ക്ക് നിർത്തിയ മണ്ണാണിത്. പിണറായി ഇത് ഓർക്കുന്നത് നന്നായിരിക്കുമെന്നും സുധീരന്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.