തിരുവനന്തപുരം: കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരന്‍ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍നിന്ന് രാജിവച്ചു. കെപിസിസി പുനഃസംഘടനയിലെ വീതംവയ്പില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണു വിവരം. രാജിക്കത്ത് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് ഇന്നലെ രാത്രി കൈമാറി.
രാജി സംബന്ധിച്ച കാരണം വി.എം.സുധീരന്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ പുനഃസംഘടനയുമായി ബന്ധപ്പെട്ട കടുത്ത അതൃപ്തിയെത്തുടര്‍ന്നാണ് രാജിയെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത കേന്ദ്രങ്ങളില്‍നിന്നു ലഭിക്കുന്ന വിവരം.
പാര്‍ട്ടിയിലെ മാറ്റങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചയുണ്ടായില്ലെന്നാണു സുധീരന്റെ പ്രധാന വിമര്‍ശനം. പുനഃസംഘടനാ ചര്‍ച്ചകളിലും ഒഴിവാക്കിയെന്നും അദ്ദേഹം വിമര്‍ശനമുന്നയിക്കുന്നു. പാര്‍ട്ടിയില്‍ സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നാണു സുധീരന്‍ അറിയിച്ചിരിക്കുന്നത്.
രാഷ്ട്രീയകാര്യ സമിതിയില്‍ അംഗങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സുധീരന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ മാറിനില്‍ക്കേണ്ടി വരുമെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു.
Also Read: കോവിഡ് അവലോകന യോഗം ഇന്ന്; ഇളവുകള്‍ക്ക് സാധ്യത
പുനഃസംഘടനയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ പൊട്ടിത്തെറി സുധീരന്റെ രാജിയോടെ പുതിയ തലത്തില്‍ എത്തിയിരിക്കുകയാണ്. പുനഃസംഘടനാ വിഷയത്തില്‍ പ്രതിഷേധിച്ച് കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെ.പി.അനില്‍ കുമാര്‍, ജി.രതികുമാര്‍, സെക്രട്ടറിയായിരുന്ന പി.എസ്.പ്രശാന്ത്, പാലക്കാട്ടെ പ്രമുഖനേതാവായ എ.വി.ഗോപിനാഥ് എന്നിവര്‍ കോണ്‍ഗ്രസ് വിട്ടിരുന്നു. ആദ്യ മൂന്നു നേതാക്കളും സിപിഎമ്മില്‍ ചേര്‍ന്നു കഴിഞ്ഞു.
ഈ മാസം മുപ്പതിനകം പുനഃസംഘടന പൂർത്തിയാക്കാനാണ് കെപിസിസി ലക്ഷ്യമിടുന്നത്. ഇതിനായി കേരളഘടകത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇന്ന് എത്തുന്നുണ്ട്.