തിരുവനന്തപുരം: വി.എം.സുധീരന്റെ രാജി തീരുമാനം അപ്രതീക്ഷിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജിക്കു പിന്നിൽ സംഘടനാ കാര്യങ്ങളല്ല. വ്യക്തിപരമായ തീരുമാനമാണ് സുധീരന്റേതെന്നും ചെന്നിത്തല പറഞ്ഞു.

സുധീരന്റെ രാജി നിർഭാഗ്യകരമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ.ആന്റണി പറഞ്ഞു. കേരളത്തിലെ കോൺഗ്രസിന് വലിയ നഷ്ടമെന്നും അദ്ദേഹം പറഞ്ഞു. രാജിക്കാര്യം സുധീരൻ തന്നെ അറിയിച്ചിരുന്നില്ലെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രതികരിച്ചു.

Read More: വി.എം.സുധീരൻ കെപിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചു

വളരെ അപ്രതീക്ഷിതമായാണ് വി.എം.സുധീരൻ കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് രാജിക്കാര്യം അറിയിച്ചത്. ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് സ്ഥാനം ഒഴിയുന്നതെന്നും രാജി തീരുമാനത്തിൽ ഉൾപ്പാർട്ടി രാഷ്ട്രീയമില്ലെന്നും സുധീരൻ പറഞ്ഞിരുന്നു. അടുത്തിടെ കോഴിക്കോട്ട് ഒരു പരിപാടിക്കിടെ വേദിയിൽ തെന്നിവീണ സുധീരനു വാരിയെല്ലിനു പരുക്കേറ്റിരുന്നു. തുടർന്നു കഴിഞ്ഞ കുറച്ചുദിവസമായി വിശ്രമത്തിലായിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് സുധീരൻ കോൺഗ്രസിന്റെ അമരത്തേക്ക് എത്തിയത്. എന്നാൽ അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കും സ്‌ഥാനമൊഴിഞ്ഞ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കും സുധീരനെ നേതൃത്വം ഏൽപ്പിക്കുന്നതിനോട് അത്ര താൽപര്യമുണ്ടായിരുന്നില്ല. സുധീരൻ കെപിസിസി പ്രസിഡന്റ് സ്ഥാനത്തിരുന്ന സമയത്ത് പല തവണ ഈ അഭിപ്രായ വ്യത്യാസം മറ നീക്കി പുറത്തുവന്നിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് സുധീരന്റെ അപ്രതീക്ഷിത രാജി പ്രഖ്യാപനം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ