തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് വി.എം.സുധീരൻ രാജിവച്ചു. രാജിക്കത്ത് ഇന്ന് തന്നെ ഹൈക്കമാന്റിന് കൈമാറും. ആരോഗ്യപരമായ കാരണങ്ങളാണ് രാജിക്ക് കാരണമെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ അറിയിച്ചു. “എന്റെ വ്യക്തിപരമായ കാരണങ്ങളാൽ പാർട്ടിയുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ കുറച്ച് ദിവസങ്ങളായി സാധിച്ചിരുന്നില്ല.  ഒരു ദിവസം പോലും പാർട്ടിയുടെ പ്രവർത്തനത്തെ ബാധിക്കരുതെന്നാണ് എന്റെ ആഗ്രഹം” എന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

“യാതൊരു രാഷ്ട്രീയ കാരണങ്ങളും ഇതിന് പിന്നിൽ ഇല്ല. വേണമെങ്കിൽ അവധിയിൽ പ്രവേശിക്കാനുളള സാഹചര്യമുണ്ട്. എന്നാൽ വ്യക്തിപരമായി ഇതെന്റെ ധാർമ്മികതയ്ക്ക് നിരക്കില്ല. അതിനാലാണ് രാജിവയ്ക്കുന്നത്. വേഗത്തിൽ മറ്റൊരാളെ ഈ ചുമതല ഏൽപ്പിക്കാൻ ഹൈക്കമാന്റിന് സാധിക്കട്ടെയെന്നാണ് ആഗ്രഹിക്കുന്നത്. ആരോടും ആലോചിച്ചിട്ടല്ല ഈ തീരുമാനം. അങ്ങിനെ ആരോടെങ്കിലും ചോദിച്ചാൽ ഒരുപാട് അഭിപ്രായപ്രകടനം വരും. ഒറ്റയ്ക്കാണ് തീരുമാനം എടുത്തത്. ഞാനെന്റെ സ്വാതന്ത്ര്യം എടുക്കുകയായിരുന്നുവെന്നും” അദ്ദേഹം പറഞ്ഞു.

2014 ഫെബ്രുവരി മാസത്തിലാണ് ഇദ്ദേഹം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വന്നത്. കഴിഞ്ഞ ആഴ്ച കോഴിക്കോട് നടന്ന അപകടത്തിൽ ഇദ്ദേഹത്തിന് പരുക്കേറ്റിരുന്നു. ആഴ്ചകളോളം ചികിത്സയ്ക്കായി മാറി നിൽക്കണം. ചികിത്സ ആവശ്യാർത്ഥം പരിപാടികളിൽ പങ്കെടുക്കാനും ദൈനംദിന കാര്യങ്ങളിൽ ഇടപെടാനും ഇദ്ദേഹത്തിന് സാധിച്ചിരുന്നില്ല.  ഈ സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി സുധീരൻ രാജിവച്ചത്.

പാർട്ടി സംസ്ഥാന നേതാക്കളാരുമായും രാജിക്കാര്യത്തെക്കുറിച്ച് കൂടിയാലോചന നടത്തിയിരുന്നില്ല. വളരെ അപ്രതീക്ഷിതമായുളള രാജിക്കാര്യം അദ്ദേഹത്തോട് വ്യക്തിപരമായി അടുപ്പമുള്ള ഒന്നോ രണ്ടോ പേർക്ക് മാത്രമേ അറിയുമായിരുന്നുളളൂ. കേരളത്തിലെ കോൺഗ്രസ് കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിട്ട ഘട്ടത്തിലാണ് വി.എം.സുധീരൻ നേതൃത്വത്തിലേക്ക് വന്നത്. മുൻ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മന്ത്രിയായി ചുമതലയേറ്റ സാഹചര്യത്തിലാണ് കേരളത്തിലെ കോൺഗ്രസ്സിന് പുതുജീവൻ എന്ന ലക്ഷ്യം മുൻനിർത്തി ഹൈക്കമാന്റ് സുധീരനെ കെപിസിസി പ്രസിഡന്റാക്കിയത്.

നേരത്തെ ഗ്രൂപ്പ് തിരിഞ്ഞ് വലിയ തോതിൽ സുധീരനെതിരെ കോൺഗ്രസിനകത്ത് പടനീക്കം നടന്നിരുന്നെങ്കിലും സമീപകാലത്ത് വളരെ സൗഹാർദ്ദപരമായാണ് കോൺഗ്രസ് പാർട്ടി മുന്നോട്ട് പോയത്.  കോൺഗ്രസിനകത്തെ ഗ്രൂപ്പ് വൈര്യത്തിന് അവസാനം കുറിക്കാൻ ലക്ഷ്യമിട്ടായിരുന്നു സുധീരനെ പുതിയ കെപിസിസി അധ്യക്ഷനായി രംഗത്തിറക്കിയത്. എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കുമായി ഇദ്ദേഹം രാജിക്കാര്യം പങ്കുവച്ചിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ എ-ഐ ഗ്രൂപ്പുകൾ പാർട്ടി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് നീക്കങ്ങൾ നടത്തും.

ഹൈക്കമാന്റ് സംസ്ഥാന നേതാക്കളുടെ അഭിപ്രായം ആരാഞ്ഞ ശേഷം മാത്രമേ പുതിയ സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കാൻ സാധ്യതയുള്ളൂ. ചികിത്സയ്ക്കായി വിദേശത്തേക്ക് പോയ സോണിയ ഗാന്ധി തിരികെ വന്നാലേ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാവൂ എന്നാണ് വിവരം.  ഉമ്മൻ ചാണ്ടിയ്ക്കും നിലവിൽ കെപിസിസി വൈസ് പ്രസിഡന്റായ വി.ഡി.സതീശനുമാണ് പുതിയ കെപിസിസി അധ്യക്ഷ പദവിയിലേക്ക് സാധ്യത കൽപ്പിക്കപ്പെടുന്നത്.

മാസങ്ങൾക്ക് മുൻപ് കേരളത്തിലെ ജില്ലാ കോൺഗ്രസ് കമ്മിറ്റികൾ പുന:സംഘടിപ്പിച്ചപ്പോൾ യുവാക്കൾക്ക് വലിയ തോതിൽ പങ്കാളിത്തം നൽകിയിരുന്നു. പതിനാല് ജില്ലകളിലും യുവാക്കൾക്കാണ് പ്രാധാന്യം നൽകിയത്.  ഇത്തരത്തിൽ തലമുറ മാറ്റം കെപിസിസി അധ്യക്ഷ പദവിയിലും സ്വീകരിക്കാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

യുവ നേതൃത്വത്തെ പരിഗണിക്കുന്നുണ്ടെങ്കിൽ, വി.ഡി.സതീശനാവും പാർട്ടി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് വരിക. എന്നാൽ ഉമ്മൻ ചാണ്ടിയെ പാർട്ടി ചുമതല ഏൽപ്പിച്ചാൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്ക് അത് ഗുണകരമാകുമെന്ന് നിരീക്ഷിക്കുന്നവരുണ്ട്. പക്ഷേ  ഉമ്മൻ ചാണ്ടിയ്‌ക്കെതിരായ അഴിമതി ആരോപണങ്ങൾ പാർട്ടിക്ക് ഗുണകരമാവില്ലെന്ന് വിശാല ഐ ഗ്രൂപ്പ് അഭിപ്രായപ്പെട്ടേക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.