താക്കോൽസ്ഥാന വിവാദങ്ങളെ ചായക്കോപ്പയിലെ രാഷ്ട്രീയക്കളിയാക്കിയ കാലത്താണ് കോൺഗ്രസിലെ സുധീരഭരണം വന്നത്. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ കെ പി സി സി പ്രസിഡന്റ് സ്ഥാനത്തു നിന്നും ആഭ്യന്തര മന്ത്രിയായി രമേശ് ചെന്നിത്തല കടന്നു ചെന്നതും വി എം സുധീരൻ കെ പി സി സി പ്രസിഡന്റായി അവരോധിക്കപ്പെട്ടു. കേരളത്തിലെ ഉമ്മൻ ചാണ്ടി നേതൃത്വം നൽകുന്ന എ ഗ്രൂപ്പിനും രമേശ് ചെന്നിത്തലയുടെ ഐ ഗ്രൂപ്പിനും സൂധരന്റെ വരവിനോട് താൽപര്യമുണ്ടായിരുന്നില്ല. സുധീരനൊപ്പം വൈസ് പ്രസിഡന്റായി ഐ ഗ്രൂപ്പിന്റെ വി ഡി സതീശനും ആയി പുതിയ സംസ്ഥാന നേതൃത്വം. അതിന് മൂന്നു വർഷമാകുമ്പോൾ സുധീരൻ സ്വയം പുറത്തിറങ്ങുകയാണ്. ആരോഗ്യകാരണങ്ങളാണ് പറയുന്നത്. എന്നാൽ അത് ചെറിയൊരു കാരണം മാത്രമാണെന്ന് കോൺഗ്രസ് രാഷ്ട്രീയത്തിന്റെ അകത്തളങ്ങളിലെ വാർത്തകൾ. സ്വയം വിരമിച്ച് വരാൻ പോകുന്ന അപകടത്തിൽ നിന്നുളള രക്ഷപ്പെടലാണ് സുധീരന്റേത് എന്നാണ് വിലയിരുത്തപ്പെടുന്നത്. വരാൻ പോകുന്ന അപകടത്തെ വന്ന അപകടം കൊണ്ട് സുധീരൻ മറികടക്കുകയാണ ചെയ്തത് .

ഫെബ്രുവരി പത്തിന് സുധീരൻ അധികാരമേറ്റെടുത്തിട്ട് മൂന്ന് വർഷം തികയുന്ന ദിവസമാണ്. മൂന്നു വർഷമാണ് കെ പി സി സി പ്രസിഡന്റിന്റെ കാലാവധി. അത് കഴിഞ്ഞ് പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പിലൂടെ വരണം. എന്നാൽ കോൺഗ്രസിൽ ഇതു നടന്നിട്ട് കാലം കുറേയായി. അതുകൊണ്ട് തന്നെ സുധീരന് സംഘടനാ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് വരെ തുടരാം. എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ കാരണം മൂന്ന് മാസമെങ്കിലും വിശ്രമം വേണ്ടി വരുമെന്നാണ് സുധീരനുമായി അടുപ്പമുളളവർ പറയുന്നത്. ഈ​ സമയം നിലവിലത്തെ സാഹചര്യത്തിൽ നിർണായകമാണ്. കോൺഗ്രസിനുളളിൽ സുധീരനെതിരെ നടക്കുന്ന കലാപം എ, ഐ​ഗ്രൂപ്പുകൾ ശക്തിപ്പെടുത്തും. അത് തനിക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ഈ സ്ഥാനത്യാഗമെന്നാണ് കോൺഗ്രസിനുളളിലെ ഒരു വിഭാഗം പറയുന്നത്. സുധീരൻ അധികാരമേറ്റതുമുതലുണ്ടായ സംഭവങ്ങൾ അവർ അതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നുമുണ്ട്.

സുധീരൻ കെ പി സി സി പ്രസിഡന്റായി അധികാരമേറ്റത് മുതൽ സുധീരനെതിരായി ഒളിഞ്ഞും തെളിഞ്ഞും ഉയർന്ന അമ്പുകളേറെയായിരുന്നു. ഏറ്റവുമവസാനം ഏതാനും ദിവസം മുമ്പ് ഉമ്മൻചാണ്ടിയുടെ മനസാക്ഷിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കെ സി ജോസഫ് എം എൽ എയുടെ പരാമർശം സുധീരനെ ക്ഷുഭിതനാക്കിയിരുന്നു. ജി. കാർത്തികേയനെയായിരുന്നു കെ പി സി സി പ്രസിഡന്റ് ആക്കേണ്ടിയിരുന്നതെന്നും അങ്ങനെയെങ്കിൽ കേരളത്തിൽ ഭരണ തുടർച്ച ലഭിക്കുമായിരുന്നുവെന്നും കെ. സി. ജോസഫ് പ്രസ്താവിച്ചു. കേരള ലെജിസ്ലേറ്റീവ് സ്റ്റാഫ് അസോസിയേഷൻ സംഘടിപ്പിച്ച ജി. കാർത്തികേയൻ അനുസ്മരണത്തിലായിരുന്നു കെ സി ജോസഫിന്റെ പരാമർശം. ഇതിൽ ക്ഷുഭിതനായാണ് സുധീരന്റെ രാജി എന്നാണ് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. സുധീരനെ അംഗീകരിക്കില്ലെന്ന എ ഗ്രൂപ്പിന്റെ സത്യവാങ്മൂലമാണിതെന്നും ഹൈക്കമാൻഡിനെതിരെയുളള വെല്ലുവിളിയാണിതെന്നും സുധീരനുമായി അടുപ്പമുളളവർ അന്ന് തന്നെ സൂചിപ്പിച്ചിരുന്നു. ഇതിൽ നടപടി വേണമെന്ന് സുധീരൻ ആവശ്യപ്പെട്ടിട്ടും അതുണ്ടാകാത്തതാണ് ഇപ്പോഴത്തെ പ്രകോപനത്തിന് കാരണമായി വിലയിരുത്തപ്പെടുന്നത്.

Read More: വി.എം.സുധീരൻ കെപിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചു

ഉടനെ വരാൻ പോകുന്ന സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിക്കാനുളള കരുത്ത് തനിക്കില്ലെന്ന തിരിച്ചറിവും സുധീരനുണ്ട്. സർക്കാരും സംഘടനയും തമ്മിലുളള ഐക്യമില്ലായ്മയിലും അതൃപ്തിയിലും തുടർന്ന വിഭാഗീയത അതിന്റെ മുർദ്ധന്യത്തിലെത്തിയത് ഡി സി സി പുന സംഘടനയോടു കൂടെയാണ്. ഹൈക്കമാൻഡിൽ നിന്നിറിങ്ങിയ ലിസ്റ്റ് അസംതൃപ്തിയാണ് പടർത്തിയത്. ഉമ്മൻചാണ്ടി അതോടെ നിസ്സഹകരണ സമരവുമായി. നേരത്തെ ഉമ്മൻ ചാണ്ടി ഹൈക്കമാൻഡിനെ വെല്ലുവിളിച്ചത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്താണ്. സുധീരൻ മാറ്റി നിർത്തണമെന്ന് പറഞ്ഞ കെ ബാബു ഉൾപ്പടെയുളളവരെ മത്സരിപ്പിക്കണമെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ വാദം. അന്നിറങ്ങിവന്ന ഉമ്മൻചാണ്ടി വാശിപിടിച്ച് മത്സരിപ്പിച്ച ബാബു തോറ്റു എന്നത് വേറൊരു ചരിത്രം. അന്നും ഹൈക്കമാൻഡിനെ വെല്ലുവിളിക്കാമെന്ന ധൈര്യം ഉമ്മൻചാണ്ടി കാണിച്ചു. ഡി സി സി പുനസംഘടനയിലും ഉമ്മൻചാണ്ടി ഹൈക്കമാൻഡിനെ വെല്ലുവിളിക്കുകയാണുണ്ടായത്. സ്വയം പിന്മാറിയുളള പ്രതിഷേധം. അതിന്റെയെല്ലാം അമ്പുകളേറ്റത് സുധീരനായിരുന്നു.

കോൺഗ്രസിൽ ഗ്രൂപ്പ് രാഷ്ട്രീയത്തിന് അതീതമായ ഒരു നേതാവിനെ കണ്ടെത്താൻ വിഷമമായിരിക്കും. എ ഗ്രൂപ്പും ഐ ഗ്രൂപ്പും വാഴുന്ന കോൺഗ്രസിന് ആദർശമുഖം കൊണ്ടു വരാനാണ് വി.എം സുധീരനെ കെപിസിസി പ്രസിഡൻഡാക്കിയത്. എന്നാൽ ഗ്രൂപ്പ് രാഷ്ട്രീയങ്ങൾക്ക് അതീതമായി കോൺഗ്രസിനെ നയിക്കാൻ വിഎം സുധീരന് ഒരിക്കൽ പോലും സാധിച്ചില്ല. ഇത് തന്നെയാകാം സുധീരന്റെ രാജിയിലേക്ക് നയിച്ച പ്രധാന കാരണവും. സ്വന്തം ഗ്രൂപ്പ് സുധീരനുണ്ടാക്കുന്നുവെന്ന കോൺഗ്രസിനുളളിൽ തന്നെ ആരോപണം ഉയർന്നിരുന്നു.
ഡിസിസി പുനസംഘടനയിയലൂടെ സുധീരൻ അട്ടിമറിച്ച ഗ്രൂപ്പ് സമവാക്യം കോൺഗ്രസിനുളളിൽ​ ഗ്രൂപ്പ് പക ഉയരാനുളള തീയായി. സുധീരന്റെ നേത്രത്വത്തിലുള്ള സമാന്തര ഗ്രൂപ്പ് തങ്ങൾക്ക് ദോഷകരമാകുമെന്ന് തിരിച്ചറിഞ്ഞ എ,​ഐ ഗ്രൂപ്പുകൾ ദില്ലിയിലേക്ക് പടനയിച്ചു. സംഘടന തിരഞ്ഞെടുപ്പ് വേണമെന്ന നിലപാടിൽ ഉമ്മൻ ചാണ്ടി പാറപോലെ ഉറച്ചു നിന്നതോടെ ഹൈക്കാമാൻഡിന് വഴങ്ങേണ്ടിയും വന്നു.

Read More: സുധീരനിറങ്ങി , കോൺഗ്രസിനെ കൈപിടിച്ച് ഉയർത്താൻ ഇനി ആര് ​?

ഉമ്മൻ ചാണ്ടിയും, രമേശ് ചെന്നിത്തലയും നേർക്കുനേർ പോരടിക്കുമ്പോഴായിരുന്നു കെപിസിസി പ്രസിഡൻഡ് സ്ഥാനത്തേക്ക് എത്തിയത്. തുടക്കത്തിൽ വിഎം സുധീരൻ വിവിധ വിഷയങ്ങളിൽ എടുത്ത നിലപാട് ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയേയും അസ്വസ്തരാക്കി. ഉമ്മൻ ചാണ്ടി സംസ്ഥാനം ഭരിക്കുമ്പോൾ ഒരു തിരുത്തൽ ശക്തിയായി സുധീരൻ രംഗത്ത് വന്നത് കോൺഗ്രസിൽ പുതിയ പോർമുഖങ്ങൾക്ക് വഴിതുറന്നു.

മദ്യനയം നടപ്പാക്കാൻ കെപിസിസി പ്രസിഡൻഡ് കച്ചകെട്ടിയപ്പോൾ കോൺഗ്രസ് പ്രവർത്തകർക്ക് ഇടയിലും പൊതുജനത്തനിടയിലും സുധീരന്റെ പ്രീതി വർധിച്ചു. എന്നാൽ ഇത് ഉമ്മൻ ചാണ്ടിയെ അസ്വസ്ഥനാക്കി. ബാറുകൾ പൂട്ടിക്കൊണ്ടുള്ള മദ്യനയത്തിന് ഉമ്മൻ ചാണ്ടി മുതിരില്ലെന്നായിരുന്നു ഏവരും കരുതിയത്. എന്നാൽ പാളയിൽ പട നടക്കുന്നനതിനിടെ ഫൈവ് സ്റ്റാർ ബാറുകൾ ഒഴികെയുള്ള ബാറുകൾ പൂട്ടിക്കൊണ്ടുള്ള മദ്യനയം ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചു.​ ഇതോടെ സുധീരനെ വെട്ടി ഉമ്മൻ ചാണ്ടി കയ്യടി നേടി. പക്ഷെ മതിയായ ദീർഘ വീക്ഷണമില്ലാതെ തയാറാക്കിയ മദ്യനയം കോൺഗ്രസിനുള്ളിലും യു ഡി എഫിലും സൃഷ്ടിച്ച കുഴപ്പങ്ങൾ ഇന്നും അലയൊടുങ്ങിയിട്ടില്ല.

അഴിമതി ആരോപണ വിധേയരായ കോൺഗ്രസ് നേതാക്കാളെ സുധീരൻ വേട്ടയാടി. എക്സൈസ് മന്ത്രിയും ഉമ്മൻ ചാണ്ടിയുടെ ചാവേറുമായ കെ. ബാബുവിനെയും സുധീരൻ വെറുതെ വിട്ടില്ല. യുഡിഎഫ് മന്ത്രിസഭയിൽ അഴിമതി ആരോപണങ്ങൾ നേരിട്ട​ ആരെയും സുധീരൻ പരസ്യയമായി പിന്തുണച്ചില്ല. കെ.എം മാണിക്ക് എതിരായ ആരോപണങ്ങളിലും സുധീരൻ സമദൂര നിലപാടാണ് സ്വീകരിച്ചത്.

സോളാർക്കേസിലെ ആരോപണങ്ങളിൽ ഉമ്മൻ ചാണ്ടിയെ പ്രതിരോധിക്കാൻ സുധീരൻ മുൻപന്തിയിൽ ഉണ്ടായിരുന്നു. എന്നാൽ ആരോപണങ്ങൾ നേരിട്ട ബെന്നി ബെഹനാനെ സുധീരൻ പ്രതിരോധിച്ചില്ല. ഈ ആരോപണങ്ങളുടെ പേരിൽ നിയമസഭ തിരഞ്ഞെടുപ്പിൽ ബെന്നി ബെഹനാന് സീറ്റ് നിഷേധിക്കാൻ സുധീരൻ വിജയിച്ചു.

യുഡിഎഫ് സർക്കാരിന്റെ അവസാനകാലത്തെ കടുംവെട്ട് തീരുമാനങ്ങളിൽ സുധീരൻ സർക്കാരിന് പ്രതിരോധം തീർത്തില്ല. അവസാന കാലത്ത് ഇറക്കിയ ഉത്തരവുകൾ ദുഷ്ടലാക്കോട് കൂടി ഉള്ളതാണെന്ന് തിരിച്ചറിഞ്ഞതോടെ സുധീരനും മൗനം​ പാലിച്ചു. പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ ഇടത് തരംങ്കത്തിൽ യുഡിഎഫ് കടപുഴകി. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മൻ ചാണ്ടി ഔദ്യോഗിക ചുമതലകൾ വേണ്ട​ എന്ന് പ്രഖ്യാപിച്ച് പിൻവലിഞ്ഞു. എന്നാൽ കെപിസിസി പ്രസിഡൻഡിന്രെ പലനിലപാടുകളും തോൽവിക്ക് കാരണമായെന്ന് നിലപാടായിരുന്നു എ ഗ്രൂപ്പിന് അവരത് അന്ന് പാർട്ടിക്കുളളിൽ പറഞ്ഞു. ഇപ്പോഴത് പുറത്തു പറയാൻ തുടങ്ങി. അതിന്റെ ആദ്യ വെടിയാണ് കെ സി ജോസഫ് നടത്തിയത്. അതിനെതിരായ നടപടിക്കായി സുധീരൻ ശ്രമിച്ചുവെങ്കിലും അത്തരം നീക്കങ്ങളൊന്നുമുണ്ടായില്ല.​അതോടെ വരാൻ പോകുന്നത് തിരിച്ചറിയാൻ സുധീരന് സാധിച്ചു.
കോഴിക്കോട് ഉണ്ടായ അപകടത്തെ തുടർന്ന് കുറച്ചു കാലം വിശ്രമിക്കേണ്ടി വരുമെന്ന് ആരോഗ്യപരമായ ഉപദേശം കണക്കിലെടുത്ത് സ്ഥാനം ഒഴിയാമെന്ന നീക്കം ഹൈക്കമാൻഡിനെ വിഷമിപ്പിക്കാതെയും സംഘടനാ തെരഞ്ഞെടുപ്പിൽ തന്റെ തടി കേടാവാതെയും രക്ഷപ്പെടുത്താനുളള സുവർണാവസരമാണെന്ന് തിരിച്ചറിയാവുന്നതുമാണ് ഈ രാജിയുടെ പിന്നിലെ കോൺഗ്രസ് കഥ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ