തിരുവനന്തപുരം: കെ.ശ്രീനിവാസനെ എഐസിസി സെക്രട്ടറിയായി തിരഞ്ഞെടുത്തതിനെതിരെ പ്രതിഷേധവുമായി വി.എം.സുധീരന്‍. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ കെ.ശ്രീനിവാസനെ എഐസിസി സെക്രട്ടറിയാക്കിയ തീരുമാനത്തിനെതിരെ വി.എം.സുധീരന്‍ രാഹുൽ ഗാന്ധിക്ക് പരാതി നല്‍കി.

‘കെ.ശ്രീനിവാസന്‍ എഐസിസി സെക്രട്ടറിയായി വന്നിരിക്കുന്നു എന്നത് അത്ഭുതത്തോടും തെല്ലൊരു ഞെട്ടലോടെയുമാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്ന സാധാരണ ജനങ്ങളും അറിഞ്ഞത്’ എന്നായിരുന്നു സുധീരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

‘ആരാണീ ശ്രീനിവാസന്‍ എന്ന ചോദ്യമാണ് വ്യാപകമായി പാര്‍ട്ടി പ്രവര്‍ത്തകരുടെ മനസ്സില്‍ ഉയരുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തന രംഗത്ത് മതിയായ പശ്ചാത്തലം ഇല്ലാത്ത ഇപ്രകാരം ഒരാള്‍ എങ്ങനെ ഇതുപോലൊരു സുപ്രധാന സ്ഥാനത്ത് വന്നുപെട്ടു.?’ അദ്ദേഹം ചോദിക്കുന്നു.

‘പിന്‍വാതിലില്‍ കൂടിയുള്ള ഈ വരവ് ഒഴിവാക്കപ്പെടേണ്ടതായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നതും തെറ്റായ സന്ദേശം നല്‍കുന്നതുമായ ഈ നടപടിയോടുള്ള വിയോജിപ്പ് കഴിഞ്ഞ ദിവസം തന്നെ രാഹുല്‍ജിയെ അറിയിച്ചിട്ടുണ്ട്.’ സുധീരന്‍ വ്യക്തമാക്കി.

കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴും കേന്ദ്രമന്ത്രിയായിരിക്കുമ്പോഴും അദ്ദേഹത്തിന്റെ ഒഎസ്ഡി തസ്‌തികയില്‍ ജോലി ചെയ്‌തിട്ടുള്ള കെ.ശ്രീനിവാസനെ കഴിഞ്ഞ ദിവസമാണ് എഐസിസി സെക്രട്ടറിയായി നിയമിച്ചത്. ഗാന്ധി കുടുംബവുമായി വര്‍ഷങ്ങളായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ശ്രീനിവാസന്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ