ന്യൂഡൽഹി: കേരളത്തിൽനിന്നുള്ള എഐസിസി അംഗങ്ങളുടെ പട്ടികയില്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് വിഎം സുധീരന്. പട്ടികയില്‍ അനര്‍ഹരാണ് ഉള്‍പ്പെട്ടതെന്ന് സുധീരന് രാഷ്ട്രീയകാര്യ സമിതിയില്‍ തുറന്നടിച്ചു. എഐസിസിയില്‍ തുടരാന്‍ താന്‍ ഇല്ലെന്നും സുധീരന് വ്യക്തമാക്കി.
സുധീരന് പുറമെ പിസി ചാക്കോയും പട്ടികയില്‍ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തി. ഇനി താന്‍ രാഷ്ട്രീയകാര്യ സമിതിയിലേക്ക് ഇല്ലെന്ന് ചാക്കോ പറഞ്ഞു. ഭാരവാഹികളെ തിരഞ്ഞെടുക്കുമ്പോള്‍ തന്നോട് ആലോചിച്ചില്ലെന്ന് പറഞ്ഞ ചാക്കോ സമിതിയില്‍ ഏകപക്ഷീയമായാണ് തീരുമാനങ്ങള്‍ ഉണ്ടാകുന്നതെന്നും ആരോപിച്ചു.
കേരളത്തില്‍ നിന്നുളള എഐസിസി പട്ടികയ്ക്ക് ഹൈക്കമാൻഡ് അംഗീകാരം നല്‍കിയിട്ടുണ്ട്. 65 പേരുടെ പട്ടികയ്ക്കാണ് അംഗീകാരം ലഭിച്ചത്. പട്ടികയിൽ 13 വനിതകൾ ഉൾപ്പെടുന്നു. കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് ഒരാഴ്ചമാത്രം ശേഷിക്കേയാണ് പട്ടികയ്ക്കു ഹൈക്കമാൻഡ് അംഗീകാരം നൽകുന്നത്. ഈ മാസം പതിനാറിനാണ് ഡൽഹിയിൽ എഐസിസി പ്ലീനറി സമ്മേളനം തുടങ്ങുക.
നേരത്തെ, കേരളത്തിൽനിന്നുള്ള എഐസിസി അംഗങ്ങളുടെ ജംബോ പട്ടിക കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തള്ളിയിരുന്നു. തലമുറമാറ്റം പ്രതിഫലിക്കാതെ സ്ഥിരം മുഖങ്ങളെ മാത്രം ഉൾപ്പെടുത്തിയതാണു പട്ടിക തള്ളാൻ കാരണം.