തിരുവനന്തപുരം: ഗ്രൂപ്പ് സമ്മർദ്ദം സഹിക്ക വയ്യാതെയാണ് കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നതെന്ന് സുധീരൻ. ഗ്രൂപ്പ് മാനേജർമാർ വളഞ്ഞിട്ട് ആക്രമിച്ചു. പ്രവർത്തിക്കാൻ കഴിയാതെ വന്നപ്പോൾ രാജിവയ്‌ക്കേണ്ടി വന്നു. ഗ്രൂപ്പ് വൈരത്തിന്റെ ഇരയാണ് താനെന്നും ഗ്രൂപ്പ് കാരണം സംഘടനാ സംവിധാനം മുന്നോട്ട് കൊണ്ടുപോകാനായില്ലെന്നും സുധീരൻ പറഞ്ഞു. കെപിസിസി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രൂപ്പ് അതിപ്രസരം നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണമായെന്ന് കെപിസിസി യോഗത്തിൽ സുധീരൻ പറഞ്ഞു. ഗ്രൂപ്പ് അടിസ്ഥാനത്തിൽ സീറ്റ് വിഭജിച്ചത് തോൽവിയിലേക്ക് നയിച്ചു. ഗ്രൂപ്പ് അതിപ്രസരം പാർട്ടിയെ തളർത്തുന്നുവെന്നും സുധീരൻ പറഞ്ഞു. പരസ്യ പ്രസ്‌താവനകൾ തുടരുമെന്നും ഭീഷണിപ്പെടുത്തി വായടപ്പിക്കാൻ നോക്കണ്ടെന്നും യോഗത്തിൽ സുധീരൻ വെല്ലുവിളിച്ചു.

അതിനിടെ, ഗ്രൂപ്പ് നേതാക്കൾ തമ്മിലുളള വാക്കേറ്റത്തിൽ കെപിസിസി യോഗം തടസ്സപ്പെട്ടു. എ ഗ്രൂപ്പ് നേതാക്കൾ സുധീരന്റെ പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ചു. ഇതോടെ എ ഗ്രൂപ്പ് നേതാക്കളും സുധീരൻ പക്ഷവും തമ്മിൽ രൂക്ഷമായ വാക്കേറ്റം ഉണ്ടായി.

അതേസമയം, പാർട്ടി നയങ്ങളെ വിമർശിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസ്സൻ പറഞ്ഞു. പാർട്ടിയിൽ ഗ്രൂപ്പ് അതിപ്രസരമെന്ന സുധീരന്റെ നിലപാട് അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായം മാത്രമാണ്. പാർട്ടിയിൽ ഗ്രൂപ്പുണ്ട്, അതിപ്രസരമില്ലെന്നും കെപിസിസി യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ ഹസ്സൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ