തിരുവനന്തപുരം: രാജ്യസഭ സീറ്റ് കേരള കോൺഗ്രസിന് നൽകിയതിൽ താൻ രേഖപ്പെടുത്തുന്നത് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ മനസിലെ വികാരമാണെന്ന് വിഎം സുധീരൻ. ഈ നീക്കത്തിലൂടെ യുപിഎയ്ക്ക് ലോക്‌സഭയിൽ ഒരു സീറ്റ് നഷ്ടമാകുമെന്നും, ജോസ് കെ മാണിയെ രാജ്യസഭയിലേക്ക് അയക്കാനുളള തീരുമാനത്തിൽ നിന്ന് യുഡിഎഫ് പിന്മാറണമെന്നും സുധീരൻ പറഞ്ഞു.
“അന്നും ഇന്നും എന്നും ഗ്രൂപ്പുകൾ കോൺഗ്രസിന് അതിപ്രസരമാണെന്നും ശാപമാണെന്നും വിശ്വസിക്കുന്ന ആളാണ് ഞാൻ. കോൺഗ്രസിൽ രാജ്യസഭയിലേക്ക് പോകാൻ യോഗ്യരായ ആളുകളുണ്ടായിരുന്നു. അവരെ ഒഴിവാക്കാൻ വേണ്ടിയാണ് സംസ്ഥാനത്തെ കോൺഗ്രസിന്റെ പ്രധാന ഭാരവാഹികൾ ഹൈക്കമാന്റിൽ നിന്നും ഈ തീരുമാനം കൈക്കൊണ്ടത്,” വിഎം സുധീരൻ ആരോപിച്ചു.
ആർഎസ്‌പിയ്ക്ക് അഞ്ച് മിനിറ്റിലാണ് സീറ്റ് നൽകാൻ തീരുമാനിച്ചതെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്‌താവനയെ വിഎം സുധീരൻ തളളിക്കളഞ്ഞു. “ആർഎസ്‌പി ഐക്യജനാധിപത്യ മുന്നണിയുടെ ഭാഗമായത്, താൻ കെപിസിസി അദ്ധ്യക്ഷനായിരുന്ന കാലത്ത് നിരവധി ചർച്ചകൾക്ക് ശേഷമാണ്. ഈ തീരുമാനം കോൺഗ്രസിനെ ശക്തിപ്പെടുത്തി. പക്ഷെ ഈ തീരുമാനം കോൺഗ്രസിനെ ദുർബലപ്പെടുത്തി,” സുധീരൻ കുറ്റപ്പെടുത്തി.
“കോൺഗ്രസിൽ പെട്ടവർക്ക് സീറ്റ് കിട്ടാതിരിക്കാൻ നടത്തിയ ഒരു നീക്കമാണ് ഇതിന് പിന്നിലുളളത്. രണ്ടുമാസക്കാലം കേരള കോൺഗ്രസ് മുന്നണിയിലേക്ക് വരാൻ വേണ്ടി ചർച്ച നടന്നു. അവരാരും അതിന് രാജ്യസഭ സീറ്റിൽ അവകാശവാദം ഉന്നയിച്ചിട്ടില്ല. അതുകൊണ്ട് ഇവിടെ സംഭവിച്ചത് കോൺഗ്രസിൽ നിന്ന് രാജ്യസഭയിലേക്ക് പോകേണ്ട നേതാക്കളെ ഒഴിവാക്കാൻ വേണ്ടി ചെയ്തതാണിതെന്നാണ് പ്രവർത്തകരുടെയും എന്റെയും വിശ്വാസം,” സുധീരൻ തുറന്നുപറഞ്ഞു.