കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് സന്ദർശാനുമതി നിഷേധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് വി.എം.സുധീരൻ രംഗത്ത്. മോദിയുടേത് അൽപ്പത്തരമാണെന്ന് വിമർശിച്ചാണ് വി.എം.സുധീരൻ ഫെയ്‌സ്ബുക്കിൽ കുറിപ്പിട്ടത്.

“കേരള മുഖ്യമന്ത്രിക്ക് ആവർത്തിച്ച് കൂടിക്കാഴ്‌ചയ്‌ക്ക് അനുമതി നിഷേധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. പ്രധാനമന്ത്രി സ്ഥാനത്തിരിക്കാൻ താൻ യോഗ്യനല്ലെന്ന് ഇതിലൂടെ മോദി വീണ്ടും തെളിയിച്ചിരിക്കുകയാണ്. ആ അത്യുന്നത സ്ഥാനത്തിന്റെ വില സ്വയം ഇല്ലാതാക്കുന്ന മോദിയുടെ അൽപ്പത്തരമാണ് ഇതെല്ലാം കാണിക്കുന്നത്.” വി.എം.സുധീരൻ എഴുതി.

സംസ്ഥാനത്തിന്റെ റേഷൻ വിഹിതം വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ കാണാൻ അനുമതി തേടിയത്. എന്നാൽ തുടർച്ചയായി അനുമതി നിഷേധിക്കപ്പെട്ടു.

സംഭവത്തിൽ രാഷ്ട്രീയം മറന്ന് മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നിൽക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും നിലപാട് വ്യക്തമാക്കിയിരുന്നു. കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രിയെ കണ്ട് കാര്യം പറയാനായിരുന്നു പ്രധാനമന്ത്രി നിർദ്ദേശിച്ചത്. എന്നാൽ അതുകൊണ്ട് തീരുന്ന പ്രശ്‌നം അല്ല ഇതെന്നും സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങൾ കേൾക്കാനുളള ബാധ്യത പ്രധാനമന്ത്രിക്കുണ്ടെന്നുമാണ് ഉമ്മൻ ചാണ്ടി ഈ വിഷയത്തിൽ പ്രതികരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ