scorecardresearch

വിലക്ക് ലംഘിച്ചവരാണ് ഒറ്റമൂലിയുമായി ഇറങ്ങുന്നത്; ഹസ്സനെയും ഉമ്മൻ ചാണ്ടിയെയും കടന്നാക്രമിച്ച് സുധീരൻ

ഞാൻ കെപിസിസി പ്രസിഡന്റായത് ഉമ്മൻ ചാണ്ടിക്ക് ഇഷ്‌ടപ്പെട്ടില്ല. കെപിസിസി പ്രസിഡന്റ് ആയപ്പോൾ മുതൽ നീരസം ആയിരുന്നു

vm sudheeran

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിലേക്ക് ആരും തന്നെ കെട്ടിയിറക്കിയതല്ലെന്ന് വി.എം.സുധീരൻ. കഠിനമായ പ്രവർത്തനത്തിലൂടെയാണ് പാർട്ടിയിൽ വളർന്നത്. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ കൃത്യമായി നിർവ്വഹിച്ചിട്ടുണ്ട്. കോൺഗ്രസിന് താൻ അന്യനല്ലെന്നും സുധീരൻ പറഞ്ഞു.

രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് വിട്ടുകൊടുത്തതിനെയും സുധീരൻ വിമർശിച്ചു. സീറ്റ് വിട്ടു കൊടുത്തതിൽ ഗ്രൂപ്പ് വ്യത്യാസമില്ലാതെ എല്ലാവർക്കും എതിർപ്പുണ്ട്. കേരള കോൺഗ്രസിന് രാജ്യസഭ സീറ്റ് നൽകിയത് ഹിമാലയൻ മണ്ടത്തരം. സീറ്റ് വിട്ടുകൊടുത്തതിന്റെ പ്രത്യാഘാതം ഗുരുതരമാകും. സീറ്റ് വിട്ടു കൊടുത്തതോടെ യുപിഎയ്‌ക്ക് ലോക്‌സഭയിൽ സീറ്റ് കുറയും. ഇത് ബിജെപിക്ക് നേട്ടമാകും. ചെങ്ങന്നൂർ തിരഞ്ഞെടുപ്പ് ഫലം നേതൃത്വത്തിന്റെ കണ്ണ് തുറപ്പിച്ചില്ല. അനുഭവം ഉണ്ടായിട്ടും കേരള കോൺഗ്രസിന് സീറ്റ് നൽകിയത് ശരിയല്ലെന്നും സുധീരൻ പറഞ്ഞു.

നേതാക്കൾ പരസ്യ പ്രസ്‌താവന പാടില്ലെന്ന കെപിസിസി അധ്യക്ഷൻ എം.എം.ഹസന്റെ നിലപാടിനെയും സുധീരൻ വിമർശിച്ചു. പരസ്യ പ്രസ്‌താവന കോൺഗ്രസിൽ പുത്തരിയല്ല. പ്രസ്‌താവന വിലക്കുന്ന നേതാക്കൾ ചരിത്രം മറക്കരുത്. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് തെറിപ്പിക്കാൻ എല്ലാ സീമകളും ലംഘിച്ചവരാണ് ഇവർ. പരസ്യ പ്രസ്‌താവന വിലക്ക് പലവട്ടം പരസ്യമായി ലംഘിച്ചയാളാണ് എം.എം.ഹസൻ. താൻ കെപിസിസി പ്രസിഡന്റായിരുന്നപ്പോൾ കെപിസിസി ഓഫീസിൽ തനിക്കെതിരെ പ്രസ്‌താവന നടത്തിയ ആളാണ് ഹസൻ. ഉമ്മൻ ചാണ്ടിയും പരസ്യ പ്രസ്‌താവന വിലക്ക് ലംഘിച്ചിട്ടുണ്ട്. മന്ത്രി സ്ഥാനം രാജിവച്ച് പരസ്യ ഗ്രൂപ്പ് പ്രവർത്തനം നടത്തിയ ആളാണ് ഉമ്മൻ ചാണ്ടി. പരസ്യ പ്രസ്‌താവന വിലക്കുന്നത് പ്രശ്‌നങ്ങൾക്ക് ഒറ്റമൂലിയല്ല. തെറ്റുപറ്റിയാൽ തുറന്ന് സമ്മതിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആർഎസ്‌പിയെ യുഡിഎഫിലേക്ക് എടുത്തതിനെ സുധീരൻ ന്യായീകരിച്ചു. മുന്നു നേതാക്കൾ മാത്രമെടുത്ത തീരുമാനമല്ല. കെപിസി എക്‌സിക്യൂട്ടീവിൽ ചർച്ച ചെയ്‌തെടുത്തതാണ്. ആ തരത്തിലെ ജാഗ്രത രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ ഉണ്ടായില്ലെന്നും സുധീരൻ പറഞ്ഞു.

ഉമ്മൻ ചാണ്ടിയെ വിമർശിച്ച് സുധീരൻ

ഞാൻ കെപിസിസി പ്രസിഡന്റായത് ഉമ്മൻ ചാണ്ടിക്ക് ഇഷ്‌ടപ്പെട്ടില്ല. കെപിസിസി പ്രസിഡന്റ് ആയപ്പോൾ മുതൽ നീരസം ആയിരുന്നു. വളരെ പ്രയാസപ്പെട്ടാണ് ഉമ്മൻ ചാണ്ടിയെ വീട്ടിലെത്തി കണ്ടത്. വീട്ടിൽ പോയി കണ്ടിട്ടും നീരസം പ്രകടിപ്പിച്ചു. കെപിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്ന ചടങ്ങിൽ നിന്ന് വിട്ടു നിന്നു. താൻ നയിച്ച ജനപക്ഷ, ജനരക്ഷാ യാത്രകളെ പരാജയപ്പെടുത്താൻ ശ്രമിച്ചു. തന്റെ രണ്ടു ജാഥകൾ ഉദ്ഘാടനം ചെയ്‌തത് പ്രസംഗത്തിൽ തന്റെ പേര് പോലും പറയാതെയായിരുന്നു. ക്രൂരമായ നിസംഗതയും നിസഹകരണവുമാണ് ഉമ്മൻ ചാണ്ടി എന്നോട് കാണിച്ചത്.

418 ബാറുകൾ അടച്ചു പൂട്ടാനേ താൻ ആവശ്യപ്പെട്ടുള്ളു. എന്നാൽ തനിക്ക് ലഭിച്ച ജനപിന്തുണ കണ്ട് അസൂയ പൂണ്ട ഉമ്മൻ ചാണ്ടിയും കൂട്ടരും എല്ലാ ബാറുകളും അടച്ചു പൂട്ടി. വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് വിശദമായ ചർച്ച നടത്തണമെന്നായിരുന്നു എഐസിസി തീരുമാനം. അതെല്ലാം അവഗണിച്ച ഉമ്മൻ ചാണ്ടി പദ്ധതിക്ക് അനുമതി നൽകി. ഈ തീരുമനം ഞെട്ടിച്ചു. സംസ്ഥാന താൽപര്യം ഹനിച്ചാണ് ഉമ്മൻ ചാണ്ടി പദ്ധതിക്ക് അനുമതി നൽകിയത്.

മാണി ചാഞ്ചാട്ടക്കാരൻ

മാണിയുമായി ഇടപെടൽ നടത്തുമ്പോൾ മുൻകരുതൽ എടുക്കണമായിരുന്നു. ബിജെപി, സിപിഎം, കോൺഗ്രസ് കക്ഷികളോട് വിലപേശിയ ആളാണ് മാണി. മാണി നാളെ ബിജെപിക്ക് ഒപ്പം പോകില്ലെന്ന് എന്താണുറപ്പ്? മാണി ബിജെപിക്ക് ഒപ്പം പോകില്ലെന്ന ഉറപ്പെങ്കിലും കോൺഗ്രസ് നേതൃത്വം വാങ്ങണമായിരുന്നു. മാണി ചാഞ്ചാട്ടക്കാരനാണ്.

പ്രതിപക്ഷം എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു

പ്രതിപക്ഷം ജനങ്ങളുടെ വിശാസം ആർജിക്കുന്നില്ല. കോവളം കൊട്ടാരം, ഹാരിസൺ വിഷയങ്ങളിൽ വേണ്ടരീതിയിൽ പ്രതികരിച്ചില്ല. പല വിഷയങ്ങളിലും പ്രതിപക്ഷമെടുത്ത നിലപാടുകൾ ദുർബലം. പ്രതിപക്ഷം എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു.

കേളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് രഹസ്യ അജണ്ടയും സങ്കുചിത താൽപര്യമാണ്. നഷ്‌ടപ്പെട്ട വിശ്വാസം നേതൃത്വം വീണ്ടെടുക്കുകയാണ് വേണ്ടത്. സംസ്ഥാന നേതൃത്വത്തിന്റേത് മതേതര മുന്നേറ്റം തകർക്കുന്ന നടപടിയാണ്. രാഹുൽ ഗാന്ധിയുടെ ശ്രമങ്ങൾക്ക് ഇത് തിരിച്ചടി നൽകുന്നു. രാഹുൽ ഗാന്ധി മതേതര വിശ്വാസികൾക്ക് ആവേശം പകരുന്ന നേതാവാണെന്നും അദ്ദേഹം പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Vm sudheeran attack congress leaders mm hassan oommen chandy