തിരുവനന്തപുരം: കെഎം മാണിയുടെ കേരള കോൺഗ്രസിനെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവരാൻ രാജ്യസഭ സീറ്റ് വിട്ടുകൊടുത്ത തീരുമാനത്തിൽ പ്രതിഷേധിച്ച് വിഎം സുധീരനും കെ മുരളീധരനും. ഇരുവരും യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചു.
“കോൺഗ്രസിനെ തകർച്ചയിലേക്ക് നയിച്ച് മുന്നണിയെ എങ്ങിനെ ശക്തിപ്പെടുത്തും? വളരെ വിനാശകരമായ തീരുമാനമാണ്. എല്ലാവരെയും വിശ്വാസത്തിലെടുത്ത് സുതാര്യമായി എടുക്കുന്ന തീരുമാനം ജനങ്ങൾക്കും അണികൾക്കും സ്വീകാര്യമാകണം,” സുധീരൻ പറഞ്ഞു.
“ചതിക്കപ്പെട്ടുവെന്ന വികാരമാണ് ജനങ്ങൾക്കും കോൺഗ്രസ് പ്രവർത്തകർക്കും ഉളളത്. മുന്നണിക്ക് അകത്തില്ലാത്ത പാർട്ടിക്ക് രാജ്യസഭ സീറ്റ് നൽകുന്ന തീരുമാനം സുതാര്യമല്ല. ബന്ധപ്പെട്ട വേദികളിൽ ചർച്ച നടത്താതെയെടുത്ത തീരുമാനമാണ്. രാഷ്ട്രീയ കാര്യ സമിതിയിൽ വിഷയം ചർച്ച ചെയ്തില്ല. കോൺഗ്രസിനെ തകർത്തുകൊണ്ട് ഒരിക്കലും കെഎം മാണിയെ തിരികെ കൊണ്ടുവരാൻ രാഷ്ട്രീയ കാര്യ സമിതി അനുമതി നൽകിയിട്ടില്ല,” അദ്ദേഹം പറഞ്ഞു.
കെഎം മാണിക്ക് രാജ്യസഭ സീറ്റ് നൽകിയ തീരുമാനം ബിജെപിക്ക് ഗുണകരമാകുന്നതാണ്. ഇത് ബിജെപിയെ ശക്തിപ്പെടുത്താൻ മാത്രമേ ഉപകരിക്കൂവെന്ന് വിഎം സുധീരൻ പറഞ്ഞു. “ഇത് പ്രവർത്തകരും ജനങ്ങളും രേഖപ്പെടുത്തുന്ന വിമർശനമായതിനാൽ നേരിട്ട് തന്നെ കാര്യങ്ങൾ പറഞ്ഞ് പ്രതിഷേധ സൂചകമായി വിയോജജിപ്പ് രേഖപ്പെടുത്തി വിട്ടുനിൽക്കുകയാണ്,” സുധീരൻ പറഞ്ഞു.