scorecardresearch

വ്‌ളോഗർ റിഫാ മെഹ്നുവിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യാൻ അനുമതി

മരണത്തിൽ ദുരൂഹത ആരോപിച്ച കുടുംബം സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കാക്കൂർ പൊലീസിൽ പരാതി നൽകിയിരുന്നു

Rifa Mehnu, Rifa Mehnu death news

കോഴിക്കോട്: ദുരൂഹസാഹചര്യത്തിൽ മരിച്ച മലയാളി വ്‌ളോഗറും ആൽബം താരവുമായിരുന്ന റിഫാ മെഹ്‌നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യാൻ അനുമതി. അന്വേഷണസംഘത്തിന്റെ ആവശ്യപ്രകാരം ആർഡിഒയാണ് അനുമതി നൽകിയത്. റിഫയുടെ കുടുംബം നൽകിയ പരാതിയിന്മേലാണ് നടപടി.

മാർച്ച് ഒന്നിനാണ് ഭർത്താവ് മെഹ്നാസിനൊപ്പം ദുബായിയിൽ താമസിച്ചിരുന്ന റിഫ മെഹ്നുവിനെ ഫ്ലാറ്റിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ജനുവരി അവസാനമാണ് റിഫ ദുബായിയിൽ എത്തിയത്. ദുബായ് കരാമയിലുള്ള പർദ ഷോപ്പിലെ ജീവനക്കാരിയായിരുന്നു. മരിച്ചനിലയിൽ കണ്ടെത്തുന്നതിന് തലേദിവസം രാത്രിയിൽ നാട്ടിലുള്ള മകനും മാതാപിതാക്കളുമായി റിഫ വീഡിയോ കോളിൽ സംസാരിച്ചിരുന്നു. പിറ്റേ ദിവസം റിഫയുടെ മരണവർത്തയാണ് നാടറിഞ്ഞത്.

മരണത്തിൽ ദുരൂഹത ആരോപിച്ച കുടുംബം സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കാക്കൂർ പൊലീസിൽ പരാതി നൽകിയിരുന്നു. മെഹ്നാസ് റിഫയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായാണ് കുടുംബത്തിന്റെ ആരോപണം. മൃതദേഹം ദുബായിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയതായി മെഹ്നാസ് കബളിപ്പിച്ചതായും കുടുംബം പറഞ്ഞിരുന്നു. ദുബായിൽ നടത്തിയ ഫൊറൻസിക് പരിശോധന പോസ്റ്റ്മോർട്ടമാണെന്നു വരുത്തിത്തീർക്കുകയായിരുന്നു എന്നാണ് കുടുംബത്തിന്റെ പരാതി. തുടർന്നാണ് റിഫയുടെ പള്ളിയിൽ ഖബർ അടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താനുള്ള നടപടികൾ ആരംഭിച്ചത്.

സംഭവത്തിൽ പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയ ശേഷം ഭർത്താവ് മെഹ്നാസിനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. മാനസികമായും ശാരീരികമായും ഉപദ്രവിക്കൽ, ആത്മഹത്യാപ്രേരണക്കുറ്റം തുടങ്ങിയ ജാമ്യമില്ലാവകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. താമരശ്ശരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

മൂന്നുവർഷം മുമ്പ് ഇൻസ്റ്റഗ്രാംവഴി പരിചയപ്പെട്ടാണ് റിഫയും മെഹ്നാസും വിവാഹിതരായത്. തുടർന്നാണ് റിഫ ഭർത്താവിനോടൊപ്പം യുട്യൂബ് വീഡിയോകളും മറ്റു ചെയ്തു തുടങ്ങിയത്. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയൊരു ആരാധകവൃന്ദം തന്നെ റിഫയ്ക്കും ഭർത്താവിനുമുണ്ടായിരുന്നു.

Also Read: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നതിൽ എതിർപ്പില്ല: നയം വ്യക്തമാക്കി അമ്മ

  • മാനസികാരോഗ്യത്തിനായി പ്രതിജ്ഞാബദ്ധരായ നിരവധി എൻ‌ജി‌ഒകൾ രാജ്യത്തുടനീളമുണ്ട്. ആത്മഹത്യ എന്ന അവസ്ഥയുമായി മുഖാമുഖം നില്‍ക്കുന്നവര്‍ക്ക് ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സഹായകരമാകുന്ന കൗൺസിലിങ് സേവനങ്ങളും ആത്മഹത്യ അതിജീവന ഹെൽപ്‌ലൈനുകളും നടത്തുന്നുണ്ട്. താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പറിൽ ബന്ധപ്പെടാവുന്നതാണ്:

Pratheeksha: 0484 2448830; Roshni: 040 790 4646, Aasra: 022 2754 6669 and Sanjivini: 011-24311918

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Vlogger rifa mehnu death case rdo give permission for conduct postmortem