കൊച്ചി: അണ്ണാഡിഎംകെ നേതാവ് വി.കെ.ശശികല പക്ഷത്തെ ലക്ഷ്യമിട്ടുള്ള ആദായനികുതി റെയ്ഡ് കൊച്ചിയിലും. ശശികലയുടെയും ബന്ധുക്കളുടെയും വസതികളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് ഏതാനും ദിവസങ്ങളായി നടത്തുന്ന പരിശോധനകളുടെ തുടർച്ചയായാണ് റെയ്ഡ്. ശശികലയുടെ ബന്ധുവായ ടി.ടി.വി.ദിനകരനുമായി അടുപ്പമുള്ള സുകേശ് ചന്ദ്രശേഖറിന്‍റെയും അദ്ദേഹത്തിന്‍റെ സുഹൃത്തുകളുടെയും ഫ്ലാറ്റുകളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്.

പതിനഞ്ച് കോടി രൂപയോളം വിലമതിക്കുന്ന ആഡംബര വാഹനങ്ങള്‍ പിടിച്ചെടുത്തു. റോള്‍സ് റോയ്‌സ് അടക്കം പതിനൊന്ന് കാറുകൾ പിടിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം. ഈ കാറുകള്‍ അധികൃതര്‍ ബെംഗളൂരുവില്‍ എത്തിച്ചു. രണ്ടില ചിഹ്നം ശശികല പക്ഷത്തിന് ലഭിക്കുന്നതിനു വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി നല്‍കാന്‍ ശ്രമിക്കവേ അറസ്റ്റിലായ ആളാണ് സുകേഷ്.

ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ 188 കേന്ദ്രങ്ങളിലായിരുന്നു ആദായനികുതി വകുപ്പ് ആദ്യം പരിശോധനകൾ നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധനകളിൽ വൻതോതിൽ പണവും സ്വർണവും ഒട്ടേറെ രേഖകളും പിടിച്ചെടുത്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ