തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ ഏഴായിരത്തിലേറെ വോട്ടുകള്‍ക്ക് വിജയിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.കെ.പ്രശാന്ത്. ഏഴായിരം മുതല്‍ 15,000 വരെ വോട്ടുകള്‍ക്ക് വിജയിക്കുമെന്നാണ് പ്രതീക്ഷ. വട്ടിയൂര്‍ക്കാവ് ഇത്തവണ എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്ന് ഉറപ്പാണ്. ജനങ്ങളുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത് എല്‍ഡിഎഫ് വിജയമാണെന്നും പ്രശാന്ത് പറഞ്ഞു.

എല്ലാ മുന്നണികളില്‍ നിന്നുമുള്ള വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിക്കും. മുന്‍പ് രണ്ട് തവണയും എല്‍ഡിഎഫിന് വട്ടിയൂര്‍ക്കാവില്‍ ശുഭകരമായിരുന്നില്ല. എന്നാല്‍, ഇത്തവണ ട്രെന്‍ഡില്‍ നിന്ന് മനസിലാകുന്നത് ഇടതുപക്ഷത്തിന് മികച്ച വിജയം നേടാന്‍ സാധിക്കുമെന്ന് തന്നെയാണ്. ഏഴായിരം മുതല്‍ 15,000 വോട്ടുകള്‍ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇത് വ്യക്തിപരമായ വിലയിരുത്തലാണെന്നും വി.കെ.പ്രശാന്ത് പറഞ്ഞു.

Read Also: പ്രായം തളര്‍ത്താത്ത കമ്മ്യൂണിസ്റ്റ്; വി.എസ്.അച്യുതാനന്ദന് 96-ാം പിറന്നാള്‍

“എന്‍എസ്എസ് നിലപാടില്‍ ആശങ്കയില്ല. എല്ലാവരും ഒരുപോലെ ചിന്തിക്കണമെന്നില്ല. എന്‍എസ്എസ് വോട്ടും എല്‍ഡിഎഫിന് ലഭിക്കും. യുവാക്കളുടെയും സ്ത്രീജനങ്ങളുടെയും വലിയ പിന്തുണയുണ്ട്. അതോടൊപ്പം മേയര്‍ എന്ന നിലയില്‍ ചെയ്ത കാര്യങ്ങളും അനുകൂലമാകും. തികഞ്ഞ വിജയപ്രതീക്ഷയിലാണ്” വി.കെ.പ്രശാന്ത് പറഞ്ഞു.

ശബരിമല വിഷയത്തിലും വി.കെ.പ്രശാന്ത് നിലപാട് വ്യക്തമാക്കി. ശബരിമല നിലപാടൊക്കെ പാര്‍ട്ടി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ശബരിമലയല്ല വികസന അജണ്ടയാണ് എല്‍ഡിഎഫ് മുന്നോട്ടുവയ്ക്കുന്നത്. അത് ജനങ്ങള്‍ക്ക് മനസിലാകും. എതിര്‍ സ്ഥാനാര്‍ഥികള്‍ ഇപ്പോഴും ശബരിമല പറഞ്ഞാണ് വോട്ട് ചോദിക്കുന്നത്. എന്നാല്‍, വട്ടിയൂര്‍ക്കാവിലെ റോഡുകളുടെ കുഴികള്‍ അടയ്ക്കുന്നതിനെ കുറിച്ചാണ് ഞാന്‍ ആലോചിക്കുന്നത്. വി.കെ.പ്രശാന്ത് വ്യക്തമാക്കി.

സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നാളെയാണ് വോട്ടെടുപ്പ്. രാവിലെ ഏഴ് മുതല്‍ വോട്ടെടുപ്പ് ആരംഭിക്കും. ഇന്ന് നിശബ്ദ പ്രചാരണത്തിനുള്ള ദിവസമാണ്. ശനിയാഴ്ചയാണ് പരസ്യ പ്രചാരണം അവസാനിച്ചത്.

Read Also: മുന്‍ കാലങ്ങളിലും കലാശക്കൊട്ടില്‍ പങ്കെടുക്കാറില്ല; വിവാദം അനാവശ്യം: അടൂര്‍ പ്രകാശ്

വട്ടിയൂര്‍ക്കാവ്, അരൂര്‍, കോന്നി, എറണാകുളം, മഞ്ചേശ്വരം എന്നീ അഞ്ച് മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ച് മണ്ഡലങ്ങളില്‍ നാലെണ്ണം യുഡിഎഫും ഒരെണ്ണം എല്‍ഡിഎഫുമാണ് കൈവശം വച്ചിരിക്കുന്നത്. ബിജെപിക്ക് നല്ല പ്രതീക്ഷയുള്ള മണ്ഡലങ്ങളാണ് മഞ്ചേശ്വരവും വട്ടിയൂര്‍ക്കാവും കോന്നിയും. മഞ്ചേശ്വരത്തും വട്ടിയൂര്‍ക്കാവിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാം സ്ഥാനത്തായിരുന്നു.

ജാതിസമവാക്യങ്ങളിലൂന്നിയായിരുന്നു സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണം നടന്നത്. എന്‍എസ്‌എസ് സ്വീകരിച്ച നിലപാടും ശബരിമല വിഷയവും തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന വിഷയങ്ങളായി. എന്‍എസ്എസിന്റെ ശരിദൂര നിലപാട് തങ്ങള്‍ ഗുണം ചെയ്യുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. പലയിടത്തു എന്‍എസ്എസ് നേതാക്കള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കായി പ്രചാരണം നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്‍എസ്എസിന്റെ പരസ്യ നിലപാട് തങ്ങള്‍ക്ക് വിനയാകുമെന്ന വിലയിരുത്തലിലാണ് സിപിഎമ്മും ബിജെപിയും. എന്‍എസ്എസ് നിലപാട് പുനഃപരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ പറഞ്ഞതും അതുകൊണ്ടാണ്.

ശബരിമലയും ഉപതിരഞ്ഞെടുപ്പിലെ പ്രചാരണ വിഷയമായി. ബിജെപിയും കോണ്‍ഗ്രസും സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള ആയുധമായാണ് ശബരിമല വിഷയത്തെ കണ്ടത്. എന്നാല്‍, ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസും ബിജെപിയും രാഷ്ട്രീയം കളിക്കുകയായിരുന്നു എന്ന് സിപിഎം കുറ്റപ്പെടുത്തുന്നുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.