തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തുനിന്ന് വി.കെ.പ്രശാന്ത് രാജിവച്ചു. ഉപതിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നിന്ന് വിജയിച്ചതിനെ തുടര്‍ന്നാണ് പ്രശാന്ത് മേയര്‍ സ്ഥാനം രാജിവച്ചത്. എംഎല്‍എ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട തങ്ങളുടെ മേയര്‍ക്ക് ഊഷ്മളമായ യാത്രയയപ്പാണ് നഗരസഭ നല്‍കിയത്.

യാത്രയയപ്പിനിടെ വൈകാരികമായ സംഭവങ്ങളും ഉണ്ടായി. നഗരസഭയിലെ ഉദ്യോഗസ്ഥന്‍ വി.കെ.പ്രശാന്തിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. അയാളെ ആശ്വസിപ്പിക്കുന്നതിനിടയില്‍ വി.കെ.പ്രശാന്തിനും കരച്ചിലടക്കാനായില്ല. വി.കെ.പ്രാശാന്തും പൊട്ടിക്കരഞ്ഞു. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മേയറുടെ ഓഫീസ് ജീവനക്കാരനായ മോഹൻ നായരാണ് (ഡഫേദാർ) വി.കെ.പ്രശാന്തിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞത്.

Read Also:  സാമൂഹികവിരുദ്ധനല്ല, തോറ്റ സ്ഥാനാര്‍ഥിയാണ്; കൂവിയ സിപിഎമ്മുകാരുടെ വായടപ്പിച്ച് മോഹന്‍കുമാര്‍

തിരുവനന്തപുരം നഗരസഭയുടെ 44-ാമത് മേയറാണ് വി.കെ. പ്രശാന്ത്. 34-ാം വയസ്സിൽ മേയറായ അദ്ദേഹം തിരുവനന്തപുരം നഗരസഭയുടെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ്.

വട്ടിയൂർക്കാവിൽ നിന്ന് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച വി.കെ.പ്രശാന്ത് അട്ടിമറി വിജയമാണ് നേടിയത്. വട്ടിയൂർക്കാവിൽ അട്ടിമറി വിജയമാണ് എൽഡിഎഫ് സ്ഥാനാർഥി വി.കെ.പ്രശാന്ത് നേടിയത്. വട്ടിയൂർക്കാവിലെ തോൽവി കോൺഗ്രസിനെ പ്രതിരോധത്തിലാക്കുകയും ചെയ്തു. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്ന എൽഡിഎഫ് ഇത്തവണ വി.കെ.പ്രശാന്തിലൂടെ 14,465 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.