കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ കേസിൽ മുൻ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ വി.കെ.ഇബ്രാഹിം കുഞ്ഞിന് തിരിച്ചടി. ഇ.ഡി അന്വേഷണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കി. കേസിൽ എൻഫോഴ്സ്മെന്റ് വിഭാഗത്തിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
നേരത്തെ സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടിയിരുന്നു. പി.കെ.കുഞ്ഞാലിക്കുട്ടിയും മുനീറുമടക്കം പ്രമുഖ മുസ്‌ലിം ലീഗ് നോതാക്കളുടെ മൊഴിയെടുത്തതിന് പിന്നാലെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കേസിൽ സ്റ്റേ അനുവദിച്ചത്. ഈ സ്റ്റേയാണ് ഹൈക്കോടതി ഇപ്പോൾ നീക്കിയത്.
പാലാരിവട്ടം പാലം അഴിമതിക്കേസിലെ കോഴപ്പണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കളമശേരി സ്വദേശി സുരേഷ് ബാബു സമർപ്പിച്ച പരാതിയിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് പത്തുകോടിയുടെ കള്ളപ്പണം നോട്ടുനിരോധനകാലത്ത് വെളുപ്പിച്ചുവെന്നാണ് കേസ്.