കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് വിജലൻസ്. ഇക്കാര്യം അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. ഒരു വട്ടം ചോദ്യം ചെയ്തെന്നും കൂടുതൽ സമയം വേണമെന്നും വിജിലൻസ് വ്യക്തമാക്കി. അതേസമയം ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണ പുരോഗതി മാർച്ച് മൂന്നിനകം അറിയിക്കാൻ വിജിലൻസിനും എൻഫോഴ്സ്‌മെന്റിനും ഹൈക്കോടതി നിർദേശം നൽകി.
പാലം അഴിമതിയിലൂടെ ഉൾപ്പെടെ ലഭിച്ച പണം ഇബ്രാഹിം കുഞ്ഞുമായി ബന്ധമുള്ള പത്രത്തിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ച് കള്ളപ്പണം വെളിപ്പിച്ചെന്ന പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നതായി എൻഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചു. പാലം അഴിമിതിയുമായി ബന്ധപ്പെട്ട് വിജിലൻസ് സംഘം ഇബ്രാഹിം കുഞ്ഞിനെ കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. പൂജപ്പുരയിലുള്ള വിജിലന്‍സ് സ്‌പെഷൽ ഇന്‍വെസ്റ്റിഗേഷന്‍ ടീം ഒന്നിന്റെ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്.
Also Read: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്ക് ഫെബ്രുവരി 22-ന് അവധി
നേരത്തെ 2019 ഓഗസ്റ്റിലും ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. പാലാരിവട്ടം അഴിമതിയിൽ കരാറുകാരന് മുൻകൂർ പണം അനുവദിച്ചതിൽ ഇബ്രാഹിം കുഞ്ഞിനും പങ്കുണ്ടെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ക്രമക്കേട് നടന്നത് ഇബ്രാഹിം കുഞ്ഞിന്റെ അറിവോടെയാണെന്ന് മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ.സൂരജും വെളിപ്പെടുത്തിയിരുന്നു.
കരാർ കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കാന്‍ അനുമതി നല്‍കിയത് അന്ന് പൊതുമരാമത്ത് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞാണെന്നും കരാര്‍ വ്യവസ്ഥയില്‍ ഇളവ് ചെയ്യാനും കോടിക്കണക്കിന് രൂപ പലിശ ഇല്ലാതെ മുന്‍കൂറായി പണം നല്‍കാനും ഉത്തരവിട്ടത് ഇബ്രാഹിം കുഞ്ഞാണെന്നും ടി.ഒ.സൂരജ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.