തിരുവനന്തപുരം: എൽഡിഎഫും യുഡിഎഫും കേരളത്തെ അഴിമതിയുടെയും രാഷ്ട്രീയ കൊലപാതകങ്ങളുടെയും വിളനിലമായി മാറ്റിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപി നേതാവ് കെ സുരേന്ദ്രൻ നയിച്ച വിജയയാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അഗദ്ദേഹം. തിരുവനന്തപുരം ശംഖുമുഖത്തായിരുന്നു സമാപന സമ്മേളനം. യുഡിഎഫും എൽഡിഎഫും തമ്മിൽ നടന്നിരുന്നത് ഈ നാടിനെ രക്ഷിക്കാനുള്ള ആരോഗ്യകരമായ മത്സരമായിരുന്നെങ്കിൽ കേരളം രക്ഷപ്പെടുമായിരുന്നുവെന്നും എന്നാൽ എൽഡിഎഫും യുഡിഎഫും തമ്മിൽ അഴിമതിയിലാണ് മത്സരിക്കുന്നതെന്നും അമിത്ഷാ പറഞ്ഞു.
“യുഡിഎഫ് സോളാർ അഴിമതിയാണ് നടത്തിയതെങ്കിൽ എൽഡിഎഫ് നടത്തിയത് ഡോളർ അഴിമതിയാണ്. അങ്ങനെയുള്ള കുംഭകോണങ്ങളുമാണ് ഇന്ന് ഈ സംസ്ഥാനത്ത് നടക്കുന്നത്,”അമിത്ഷാ പറഞ്ഞു.
നിരവധി തവണ എൽഡിഎഫിനെയും യുഡിഎഫിനെയും പരീക്ഷിച്ച കേരളം ഒരു തവണ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപിക്ക് അവസരം തന്നാൽ കേരളത്തെ രാജ്യത്തെ ഒന്നാം നിരയിലുള്ള സംസ്ഥാനമാക്കി മാറ്റാം എന്ന് അമിത്ഷാ പറഞ്ഞു.

ബിജെപിയില്‍ ചേര്‍ന്ന ഡിഎംആര്‍സി മുന്‍ മേധാവി ഇ ശ്രീധരന്‍, കേന്ദ്ര സഹമന്ത്രി വി മുരളീധരൻ അടക്കമുള്ളവർ ചടങ്ങിൽ സംസാരിച്ചു. ഔദ്യോഗിക ജീവിതത്തിലേതുപോലെ രാഷ്ട്രീയത്തിലും മികച്ച നേട്ടങ്ങളുണ്ടാക്കാന്‍ തനിക്ക് കഴിയുമെന്ന് ഇ ശ്രീധരന്‍ പറഞ്ഞു. ഏതു ചുമതലയും ധൈര്യത്തോടും പ്രാപ്തിയോടെയും ചെയ്യാന്‍ തനിക്ക് സാധിക്കുമെന്നും ഈ പ്രായത്തിലും കാര്യങ്ങള്‍ ചെയ്യാന്‍ ദേഹബലവും ആത്മബലവും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.


അതേസമയം വിജയയാത്രയുടെ സമാപന വേദിയിൽ നടൻ ദേവൻ അടക്കമുള്ളവർ ബിജെപിയിൽ ചേര്‍ന്നു. അമിത്ഷായാണ് ദേവനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്. കേരള പീപ്പിൾസ് പാര്‍ട്ടി എന്ന പേരിൽ ദേവൻ രൂപീകരിച്ച പാർട്ടിയെ ബിജെപിയിൽ ലയിപ്പിക്കുകയും ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന ഉപാധ്യക്ഷൻ പന്തളം പ്രഭാകരൻ, മുൻ ഐഎഎസ് ഉദ്യോഗസ്ഥനും തിരുവനന്തപുരം, ആലപ്പുഴ ജില്ലാ കളക്ടറുമായിരുന്ന കെവിബാലകൃഷ്ണൻ, മുൻകാല ചലച്ചിത്ര നടി രാധ എന്നിവരും ബിജെപിയിൽ ചേർന്നു.

Read More: സികെ ജാനു വീണ്ടും എൻഡിഎയ്ക്കൊപ്പം; ദേവൻറെ പാർട്ടി ബിജെപിയിൽ ലയിച്ചു
വീണ്ടും എൻഡിഎയിൽ ചേർന്ന ജനാധിപത്യ രാഷ്ട്രീയസഭാ നേതാവ്സികെ ജാനുവും വിജയയാത്രാ സമാപനത്തിൽ എത്തിയിരുന്നു.. 2018ൽ എൻഡിഎ വിട്ട സികെ ജാനു പിന്നീട് എൽഡിഎഫുമായി അടുക്കാനും ശ്രമിച്ചിരുന്നു. എന്നാൽ എൽഡിഎഫ് തന്നോട് നീതി കാണിച്ചില്ല എന്ന് പറഞ്ഞ സികെ ജാനു എൻഡിഎയിലേക്ക് മടങ്ങുകയാണെന്ന് വ്യക്തമാക്കി.