തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെടെയുള്ള വൈദികരെ പ്രതികളാക്കി കേസെടുത്ത നടപടി അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ് പൊലീസ് നടപടിയെന്നും അദ്ദേഹം വിമര്‍ശിച്ചു.
വിഴിഞ്ഞത്തുണ്ടായ സംഘര്‍ഷം സര്‍ക്കാരിന്റെ ആസൂത്രിത നീക്കത്തെ തുടര്‍ന്നാണെന്ന ലത്തീന്‍ അതിരൂപതയുടെ ആരോപണം ഗുരുതരമാണ്. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ആര്‍ച്ച് ബിഷപ്പിനും വൈദികര്‍ക്കും എതിരെ കേസെടുത്ത പൊലീസ് സിപിഎം പ്രവര്‍ത്തകര്‍ സമരം ചെയ്താല്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ കേസെടുക്കാന്‍ തയാറാകുമോ? അദാനിക്ക് വേണ്ടി അടിമ വേല ചെയ്യുന്ന സര്‍ക്കാര്‍ നിലനില്‍പ്പിന് വേണ്ടിയുള്ള മത്സ്യത്തൊഴിലാളികളുടെ സമരത്തെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
തുടക്കം മുതല്‍ സമരത്തെ വര്‍ഗീയവത്കരിച്ച് ഇല്ലാതാക്കമെന്ന തന്ത്രമാണ് സര്‍ക്കാരും സിപിഎം പയറ്റുന്നത്. ഇതിന്റെ ഭാഗമായി സിപിഎമ്മും ബിജെപിയും തമ്മില്‍ കൂട്ടുകെട്ടുണ്ടാക്കുന്നതും കേരളം കണ്ടു. വികസനത്തിന്റെ ഇരകളായവരെ പുനരധിവസിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. എന്നാല്‍ അദാനിക്കൊപ്പം ചേര്‍ന്ന് സമരത്തെ ഇല്ലാതാക്കുകയെന്ന നിലപാടാണ് സര്‍ക്കാരും മുഖ്യമന്ത്രിയും സ്വീകരിച്ചിരിക്കുന്നത്. ജനങ്ങളുടെ വോട്ട് വാങ്ങി അധികാരത്തിലെത്തിയ സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് വഴങ്ങി ജനകീയ പ്രശ്നങ്ങളും സമരങ്ങളും കണ്ടില്ലെന്ന് നടിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും സതീശന് പറഞ്ഞു.