തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള സമരത്തിന്റെ ഭാഗമായി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ഒമ്പതു കേന്ദ്രങ്ങളില്‍ നടത്തുന്ന റോഡുപരോധസമരത്തില്‍ വിമാനത്താവളത്തിലേക്കു വന്ന യാത്രക്കാര്‍ ഉള്‍പ്പെടെ കുടുങ്ങി.
ആറ്റിങ്ങല്‍, കഴക്കൂട്ടം സ്റ്റേഷന്‍കടവ്, ചാക്ക, തിരുവല്ലം, വിഴിഞ്ഞം, പൂവാര്‍, ഉച്ചക്കട എന്നിവിടങ്ങളില്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് 3 വരെയാണ് ഉപരോധ സമരം നടക്കുന്നത്. വള്ളങ്ങളുമായി സ്ത്രീകളടക്കമുള്ളവര്‍ ദേശീയപാത ഉപരോധിച്ചതോടെ ഗതാഗതം സ്തംഭിക്കുകയായിരുന്നു.
ചാക്കയില്‍ റോഡ് ഉപരോധിച്ചതോടെയാണ് വിമാനത്താവളത്തിലേക്കു വന്ന യാത്രക്കാരും വലഞ്ഞത്. സമരത്തെ തുടര്‍ന്ന് പൊലീസ് വഴി തിരിച്ചുവിട്ടെങ്കിലും ഇതര ജില്ലയിലുള്ളവര്‍ വലഞ്ഞു. വി.എസ്.എസ്.സിയിലേക്കുള്ള റോഡ് പൂര്‍ണമായും സ്തംഭിപ്പിച്ചു. സ്‌കൂളുകള്‍ ബസ്സുകളടക്കം വിവിധയിടങ്ങളില്‍ കുടുങ്ങി. പലര്‍ക്കും യാത്ര ചെയ്യാനാകാതെ മടങ്ങേണ്ടിവന്നു.

അതേസമയം വിഴിഞ്ഞം ജംക്ഷന്‍, മുല്ലൂര്‍ എന്നിവിടങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന റോഡ് ഉപരോധം നിരോധിച്ച് കലക്ടര്‍ ഉത്തരവിട്ടെങ്കിലും രാവിലെ തന്നെ ഇവിടങ്ങളില്‍ ഉപരോധം ആരംഭിച്ചു. വള്ളങ്ങളും വലകളും ഉപയോഗിച്ചാണ് പലയിടത്തും റോഡ് ഉപരോധിച്ചിരിക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വിഴിഞ്ഞത്തും മുല്ലൂരിലും സമരം വിലക്കിയിരുന്നു. എന്നാല്‍ ഇത് ലംഘിച്ചാണ് റോഡ് ഉപരോധിക്കുന്നത്. സമരക്കാര്‍ സെക്രട്ടേറിയേറ്റിന് മുന്‍വശം ഉപരോധിച്ചു.

19ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികളും ഉച്ചയ്ക്ക് സെക്രട്ടേറിയറ്റിനു മുന്നില്‍ കലാസാംസ്‌കാരിക കൂട്ടായ്മയും നടത്താനാണ് സമരസമിതിയുടെ തീരുമാനം. തങ്ങള്‍ ഉന്നയിച്ച ഏഴ് ഇന ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ ശക്തമായ സമരം തുടരുമെന്നാണ് സമരസമിതി പറയുന്നത്.