തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ മേലഖലയിൽ കേന്ദ്രസേനയെ വിന്യസിക്കുന്നതിന് എതിർപ്പില്ലെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിഴിഞ്ഞം സംഘര്‍ഷത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നും അഞ്ചുപേരെ അറസ്റ്റ് ചെയ്തെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ബിഷപ്പുമാര്‍ ഉള്‍പ്പെടെയുള്ളവരെ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. സംഘര്‍ഷത്തില്‍ എന്ത് നടപടിയെടുത്തെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് സര്‍ക്കാര്‍ വിശദീകരണം നല്‍കുകയായിരുന്നു.
വിഴിഞ്ഞത്തു പൊലീസിനു സുരക്ഷ ഒരുക്കാനായില്ലെങ്കിൽ കേന്ദ്ര സേനയെ വിന്യസിക്കാനായിരുന്നു ഹൈക്കോടതി ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചത്. ഈ ഉത്തരവു നടപ്പാക്കാത്തതിനെതിരെ അദാനി ഗ്രൂപ്പും കരാർ കമ്പനിയും ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ സ്വീകരിച്ച നിയമനടപടികള്‍ അറിയിക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. വൈദികന് ഉള്‍പ്പെടെ പദ്ധതി പ്രദേശത്തു അതിക്രമിച്ചു കയറിയെന്നും സംഘര്‍ഷം ഉണ്ടാക്കിയെന്നുമാണ് പൊലീസിന്റെ സത്യവാങ്മൂലം. വിഴിഞ്ഞത്ത് 27നു നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 3,000 പേര്‍ക്കെതിരെ കേസെടുത്തെന്നും 85 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നെന്നും പൊലീസ് സത്യവാങ്മൂലം പറയുന്നു. വിഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സഹിതമാണു തിരുവനന്തപുരം പൊലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍ സത്യവാങ്മൂലം നല്‍കിയത്
വിഴിഞ്ഞത്തെ അക്രമ സംഭവങ്ങള്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് വിഴിഞ്ഞം സ്വദേശിയായ മുന്‍ ഡിവൈഎസ്പി ഹൈക്കോടതിയില്‍ ഹര്‍ജി നില്‍കിയിട്ടുണ്ട്. ആക്രമണത്തില്‍ ഗൂഢാലോചന ഉള്‍പ്പടെ പുറത്ത് കൊണ്ട് വരണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. പൊലീസ് സ്റ്റേഷന് ആക്രമണത്തില്‍ പ്രതികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ വിഷയത്തില്‍ മുന്നോട്ട് സ്വീകരിക്കേണ്ട നയസമീപനം ഇന്ന് ചേരുന്ന സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിശദമായി പരിഗണിച്ചേക്കും. സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടല്‍ നടത്തുന്നില്ല എന്ന വിമര്‍ശനവും ശക്തമായിരിക്കെ ഈ വിഷയവും ചര്‍ച്ച ചെയ്തേക്കും.